കൊല്ലപ്പെട്ട സുപ്രിയ, മുത്തുലക്ഷ്മി, സോമസുന്ദർ പ്രതികളായ ശ്വേത, ജെ. കെന്നത്ത്
‘വിനാഗിരി ഉപയോഗിച്ച് കാഴ്ചശക്തി എങ്ങനെ നശിപ്പിക്കാം, കാൽമുട്ടുകൾ തകർക്കാനുള്ള വഴി’; ബംഗളൂരുവിലെ ക്രൂര കൃത്യത്തിന് മുമ്പ് പ്രതി എ.ഐയോട് തേടിയത് ഇക്കാര്യങ്ങൾ
ബംഗളൂരു: ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സീഗേഹള്ളിയിൽ കഴിഞ്ഞ ജൂണിൽ നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ലിവിങ് ഇൻ പങ്കാളിയുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുൻപ്, 25 കാരനായ ഐ.ടി ജീവനക്കാരൻ ജെ. കെന്നത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) ഉപയോഗിച്ച് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ലാപ്‌ടോപ്പിലെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
അടുക്കളയിലെ കത്തിയുപയോഗിച്ച് ആളുകളെ എങ്ങനെ മാരകമായി ആക്രമിക്കാം, വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെയെന്ന്, മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ എന്നിവയാണ് കെന്നത്ത് എ.ഐയോട് ചോദിച്ച പ്രധാന കാര്യങ്ങൾ. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അതിക്രമിച്ചുകയറുന്ന മൂന്ന് കള്ളന്മാരെ എങ്ങനെ കീഴ്പ്പെടുത്താം എന്നും ഇയാൾ അന്വേഷിച്ചിരുന്നു.
കൂടാതെ, ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഏറ്റവും മാരകമായ ആയുധങ്ങളുടെ ചരിത്രവും ഇയാൾ തിരഞ്ഞു. എന്നാൽ കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ചോ, സാമ്പത്തിക പ്രതിസന്ധിയെ ചോദ്യം ചെയ്തവരെ കൊലപ്പെടുത്തുന്നത് ശരിയാണോ എന്നോ ഇയാൾ എ.ഐയോട് ചോദിച്ചിരുന്നില്ലെന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥൻ വ്യക്തമാക്കി. എ.ഐയുമായി നിരന്തരം സംസാരിച്ചിരുന്ന ഇയാൾ അതിനെ ഒരു സുഹൃത്തായാണ് കണ്ടിരുന്നതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
കോടതിയിൽ സമർപ്പിച്ച 2,085 പേജുള്ള കുറ്റപത്രത്തിലാണ് കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നത്. പങ്കാളിയായ ശ്വേതയുടെ പേരിൽ എടുത്ത വായ്പകളും അതിനെച്ചൊല്ലിയുള്ള കുടുംബവഴക്കുമാണ് ക്രൂര കൃത്യത്തിൽ കലാശിച്ചത്. കെന്നത്തിന് വേണ്ടിയുള്ള ബിസിനസ്സ് ലോണുകളും വ്യക്തിഗത വായ്പകളും ഉൾപ്പെടെ ആകെ 52 ലക്ഷം രൂപയാണ് ശ്വേത കടം വാങ്ങിയിരുന്നത്.
ഈ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ ശ്വേതയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് നോട്ടീസ് അയച്ചു. ഇതേതുടർന്ന് മാതാപിതാക്കളായ സോമസുന്ദർ (55), മുത്തുലക്ഷ്മി (50) എന്നിവർ ശ്വേതയെയും കെന്നത്തിനെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ജൂൺ 22ന്റെ രാത്രിയിലുണ്ടായ വാക്കുതർക്കം രക്തച്ചൊരിച്ചിലിൽ കലാശിക്കുകയായിരുന്നു.
സീഗേഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സോമസുന്ദർ, മുത്തുലക്ഷ്മി, ഇളയ മകൾ സുപ്രിയ (20) എന്നിവരെ കെന്നത്ത് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ കോണിപ്പടിയിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരോട് വിവരം പറയുകയും ചെയ്തുവെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. മുത്തുലക്ഷ്മിയും സുപ്രിയയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കെന്നത്ത് തന്റെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് താൻ നോക്കിനിൽക്കേണ്ടി വന്നുവെന്ന് ശ്വേത കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവസ്ഥലത്തുനിന്ന് വിനാഗിരിയും മുളകുപൊടിയും കലർത്തിയ ഒരു കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി വൈറ്റ്‌ഫീൽഡ് ഡിവിഷൻ ഡി.സി.പി സൈദുലു അദാവത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.