സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടയാൾ കൊല്ലപ്പെട്ട സംഭവത്തെ ‘ആൾക്കൂട്ടകൊല’യായി കണക്കാക്കാനാവില്ലെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി. കൊലക്ക് മുമ്പ് തന്നെ ഇയാളെ കണ്ടുവെച്ചതാകാമെന്നും, സംഭവത്തിന് പിന്നിൽ തീവ്രവർഗീയ ശക്തികളോ തെരഞ്ഞെടുപ്പിൽ വോട്ടർമാർ തള്ളികളഞ്ഞവരോ ആയിരിക്കാമെന്നും സുവേന്ദു അധികാരി ആരോപിച്ചു. ഇന്ദ്രജിത്ത് മണ്ഡൽ എന്നയാളാണ് ബലാത്സംഗക്കൊലയെ തുടർന്ന് മർദനത്തിൽ മരിച്ചത്. ഇയാളുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പശ്ചിമബംഗാൾ മുഖ‍്യമന്ത്രിയുടെ വിവാദ പരാമർശം.
ഇയാളുടെ കുടുംബത്തിന് സർക്കാർ ജോലി നിയമന ഉത്തരവും 25 ലക്ഷം രൂപ പാരിതോഷികവും സന്ദർശനവേളയിൽ മുഖ‍്യമന്ത്രി കൈമാറി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബംഗാൾ പുരോഗതിയുടെ പാതയിൽ സഞ്ചരിക്കുമ്പോൾ, അതിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ദ്രജിത്ത് മണ്ഡലിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ നാലിന് ബാരുയിപ്പൂരിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം ചാക്കിൽകെട്ടിയ നിലയിൽ സുർജാപൂർഹാറ്റ് പ്രദേശത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന ഇന്ദ്രജിത്തിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. അതേസമയം അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ശക്തികളാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവരെയും അക്രമണത്തിന് പ്രേരിപ്പിച്ചവരെയും പറ്റി പൊലീസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി പരാജയപ്പെട്ട ചില വ്യക്തികളുടെ പ്രകോപനം ഇതിനു പിന്നിലുണ്ട്. തീവ്രവാദികളോ തീവ്ര ഇടതുപക്ഷക്കാരോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകാം. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനം പാലിക്കാനും നടപടിയെടുക്കാമെന്നും പോലീസ് ഉറപ്പുനൽകിയിട്ടും ഇവിടെയും മറ്റ് പ്രദേശങ്ങളിലും പ്രകോപനം തുടരുകയായിരുന്നു. കേന്ദ്ര അർധസൈനിക വിഭാഗത്തിന് നേരെ കല്ലേറുണ്ടായി, വനിതാ ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായി -അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതികളിലൊരാളായ പ്രഭാഷ് മണ്ഡൽ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിലും പൊലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസുകാർക്ക് നേരെ അക്രമം അഴിച്ചുവിടുകയും മറ്റും ചെയ്തതിന് 35ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.