'21 ലക്ഷത്തിന് റെയില്‍വേയില്‍ ജോലി'; യുവാവിനെ പറ്റിച്ച് പണം തട്ടിയ പ്രതി പിടിയിൽ

ഭുവനേശ്വർ: റെയിൽവേയിൽ ലോക്കോ പൈലറ്റ് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയുടെ കുടുംബത്തിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 45-കാരൻ ഒഡീഷയിൽ അറസ്റ്റിലായി. കട്ടക്ക് ഒലാത്പൂർ സ്വദേശിയായ ഗദാധർ നാഥ് ആണ് അസ്ക പൊലീസിന്റെ പിടിയിലായത്. ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയായ പരാതിക്കാരന്റെ മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. 2024-25 കാലയളവിലായി 21 ലക്ഷം രൂപയോളമാണ് ഇയാൾ ഓൺലൈൻ ഇടപാടുകളിലൂടെ ഉദ്യോഗാർത്ഥിയുടെ കുടുംബത്തിൽ നിന്നും കൈക്കലാക്കിയത്.

പരാതിക്കാരന് പൂർണ്ണ വിശ്വാസം വരാൻ കൊൽക്കത്തയിലെ ഈസ്റ്റേൺ റെയിൽവേയുടെ പേരിൽ വ്യാജമായി നിർമ്മിച്ച നിയമന ഉത്തരവുകളും പ്രതി കൈമാറിയിരുന്നു. എന്നാൽ രേഖകളുമായി ഉദ്യോഗാർത്ഥി കൊൽക്കത്തയിലെ റെയിൽവേ ഓഫീസിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. രേഖകളിൽ കൃത്യമായ പേരോ വിലാസമോ ഇല്ലായിരുന്നുവെന്നും അവ പൂർണ്ണമായും വ്യാജമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയതായും അസ്ക എസ്.ഡി.പി.ഒ എസ്.ആർ പ്രധാൻ അറിയിച്ചു.

തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പരാതിക്കാരൻ പ്രതിയെ സമീപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ആറ് മാസത്തിനകം തുക മടക്കിനൽകാമെന്ന് പ്രതി ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. വീണ്ടും പണം ചോദിച്ച് വീട്ടിലെത്തിയ പരാതിക്കാരനെ പ്രതി ചീത്തവിളിക്കുകയും വാളുമായി അക്രമിക്കാൻ ഓടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

തുടർന്ന് ഇരുകൂട്ടരും ധുസുരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയും, കഴിഞ്ഞ മേയ് 12-ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ നാല് മാസത്തിനുള്ളിൽ പണം നൽകാമെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ ഉടനടി നൽകിയെങ്കിലും ബാക്കി തുക നൽകാൻ ഇയാൾ തയ്യാറായില്ല. വീണ്ടും പണം ചോദിച്ച പരാതിക്കാരനെ പ്രതി ഭീഷണിപ്പെടുത്തിയതോടെയാണ് അസ്ക പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.സമാനമായ രീതിയിൽ മറ്റ് തൊഴിലന്വേഷകരെയും ഇയാൾ ചതിക്കുഴിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്ന് അസ്ക ഐ.ഐ.സി എസ്.കെ സാഹു വ്യക്തമാക്കി.

Tags:    
News Summary - Man arrested in ₹21-lakh railway job scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.