സഹറസ: ബിഹാറിലെ സഹറസ ജില്ലയിൽ ട്രെയ്നിന് തീപിടിച്ചു. ആളപായമില്ല. സിംരി ഭക്തിയാർപൂർ റെയിൽവേ സ്റ്റേഷനിൽ സമസ്തിപൂർ-സഹറസ പാസഞ്ചർ തീവണ്ടിയുടെ എൻജിനിലും അനുബന്ധ കോച്ചിലുമാണ് വൻ തീപിടിത്തമുണ്ടായത്. പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജാഗ്രത പാലിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തീപിടിത്തത്തെ തുടർന്ന് സ്റ്റേഷനിൽ യാത്രക്കാർക്കിടയിൽ ചെറിയ തോതിൽ പരിഭ്രാന്തി പരന്നിരുന്നു. വിവരം ലഭിച്ചയുടൻ സഹറസ ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തി. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാണെന്ന് അസിസ്റ്റന്റ് ഫയർ ഓഫിസർ നിരഞ്ജൻ കുമാർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ മുഴുവൻ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണെന്നും കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെടുന്നതെന്നും യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മേയിലും സമാനമായ സംഭവം ബിഹാറിലുണ്ടായിരുന്നു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ജയനഗർ-ഉധ്ന അന്ത്യോദയ എക്സ്പ്രസിന്റെ ഒഴിഞ്ഞ കോച്ചുകൾ തീപിടിക്കുകയായിരുന്നു. സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ ഷണ്ടിങ് ജോലികൾ നടക്കുന്നതിനിടയിലാണ് തീ പടരാൻ കാരണമായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.