ന്യൂഡൽഹി: പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയതിന് പിന്നാലെ, മറുപടിയുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് തന്റെ അമേരിക്കൻ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും കുടുംബത്തിന്റെ പേരിൽ ഉയർന്ന സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജീത് ദീപ്ത്‍യുടെ വിശദീകരണം.
അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് രംഗത്തെത്തിയത്. മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരന് തന്റെ മകന്റെ വിദേശത്തെ ഉയർന്ന വിദ്യാഭ്യാസ ചെലവ് എങ്ങനെ താങ്ങാൻ കഴിഞ്ഞുവെന്നായിരുന്നു അമിത് തിവാരിയുടെ ചോദ്യം.
‘എന്റെ പഠനചെലവിന്റെ വലിയൊരു ഭാഗം ബോസ്റ്റൺ സർവകലാശാലയുടെ സ്കോളർഷിപ്പിലൂടെയാണ് ലഭിച്ചത്. ബാക്കി തുക വിദ്യാഭ്യാസ വായ്പയെടുത്താണ് കണ്ടെത്തിയത്. ആ വായ്പ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്’ -അഭിജീത് ദീപ്കെ പറഞ്ഞു. തന്റെ വാദം തെളിയിക്കാൻ സർവകലാശാല നൽകിയ സ്കോളർഷിപ്പ് കത്തും അദ്ദേഹം പുറത്തുവിട്ടു.
അഭിജീത് ദീപ്കെയുടെ പിതാവ് ഭഗവാൻറാവു ദീപ്കെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിലെ വിരമിച്ച ജൂനിയർ എൻജിനീയറാണ്. പ്രതിമാസം ഏകദേശം 60,000–65,000 രൂപ ശമ്പളം ലഭിച്ചിരുന്ന ഒരു സർക്കാർ ജീവനക്കാരന് മകന്റെ അമേരിക്കൻ പഠനചെലവ് എങ്ങനെ വഹിക്കാനായെന്ന ചോദ്യമുയർത്തിയാണ് അമിത് തിവാരി മഹാരാഷ്ട്ര സർക്കാരിനും മറ്റ് അധികൃതർക്കും പരാതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിമുഖത്തിൽ സി.ജെ.പിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അഭിജീത് ദീപ്കെ പ്രതികരിച്ചു. ഭാവിയിൽ പാർട്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുമെന്നും ലഭിക്കുന്ന ഓരോ രൂപയുടെയും കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ ജന്തർ മന്തർ പ്രക്ഷോഭ കാലത്ത് ഭക്ഷണവും കുടിവെള്ളവും സാധാരണ ജനങ്ങൾ സ്വമേധയാ എത്തിച്ചുനൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥർ സ്വകാര്യമായി സി.ജെ.പിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അഭിജീത് ദീപ്കെ അവകാശപ്പെട്ടു. ‘ഡൽഹി പൊലീസിൽ നിന്നുള്ള ചിലർ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ‘ഞങ്ങൾ നിങ്ങൾക്ക് വാട്ടർ ബോട്ടിലുകൾ തരാം, പക്ഷേ ഞങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുത്’. അവരുടെ കുട്ടികളിൽ ചിലർ നീറ്റിന് തയാറെടുക്കുന്നുണ്ടെന്നും അവർക്ക് ഈ ലക്ഷ്യത്തോട് അനുകമ്പയുണ്ടെന്നും അതുകൊണ്ടാണ് അവർ ഞങ്ങൾക്ക് വാട്ടർ ബോട്ടിലുകൾ നൽകിയതെന്നും അവർ പറഞ്ഞു’ -അദ്ദേഹം പറഞ്ഞു.
സി.ജെ.പിയുടെ നിയമപരമായ പദവിയെക്കുറിച്ചും പാർട്ടിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും സംബന്ധിച്ചും ആർ.ടി.ഐ പ്രവർത്തകൻ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ നടപടികൾ നേരിടുന്ന സമരക്കാർക്ക് നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ലീഗൽ ഡിഫൻസ് ഫണ്ടിൽ പരിശോധന ആവശ്യപ്പെട്ടും അമിത് തിവാരി അധികാരികളെ സമീപിച്ചിരുന്നു.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് കോക്രോച്ച് ജനതാ പാർട്ടി ചർച്ചകളിൽ ഇടംപിടിക്കുന്നത്. സമരത്തിനിടെ അറസ്റ്റിലായ പ്രതിഷേധക്കാർക്ക് നിയമപരമായ പിന്തുണ ഉറപ്പാക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ഫണ്ടിങ്ങും നേതാക്കളുടെ പശ്ചാത്തലവും ചൂണ്ടിക്കാട്ടി ആർ.ടി.ഐ പ്രവർത്തകൻ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം, അഭിജീത് ദീപ്കെക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയായി സി.ജെ.പി വക്താവ് വൈഷ്ണവി ഗൗറും രംഗത്തെത്തി. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ചു. ‘സ്വകാര്യ വ്യക്തിയുടെ വിദ്യാഭ്യാസ ചെലവുകൾക്കായി ആർ.ടി.ഐ ഫയൽ ചെയ്യുന്നവർ പി.എം കെയേഴ്സ് ഫണ്ടും നോക്കണം. മോദി ജി നിങ്ങളോട് ക്ഷമിക്കും, വിഷമിക്കേണ്ട’ എക്‌സിലെ ഒരു പോസ്റ്റിൽ വൈഷ്ണവി ഗൗർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.