റാഞ്ചി: ഝാർഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സി.ജെ.പി നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഡൽഹിയിലെ പ്രതിഷേധം നടക്കുമ്പോൾ തന്നെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിലും പ്രതിഷേധം ആരംഭിച്ചിരുന്നു. ജെ.പി.എസ്.സി, ജെ.എസ്.എസ്.സി സി.ജി.എൽ പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അന്വേഷിക്കുക, സംസ്ഥാനത്തെ റിക്രൂട്ട്മെന്റ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാഞ്ചിയിൽ സമരം നടത്തുന്നത്. റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ഞായറാഴ്ച വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു.
"ജെ.പി.എസ്.സി, ജെ.എസ്.എസ്.സി റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളോട് സംസാരിച്ചു. സി.ജെ.പി ഝാർഖണ്ഡിലെ എല്ലാ വിദ്യാർഥികളോടൊപ്പം നിൽക്കുകയും അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു"-അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം 14-ാമത് ജെ.പി.എസ്.സി പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാസം 14നാണ് പ്രിലിമിനറി ടെസ്റ്റ് ഫലം പ്രഖ്യാപിച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജൂലൈ അഞ്ചിന് പ്രക്ഷോഭം ആരംഭിച്ചു. പ്രതിഷേധങ്ങളെ ഝാർഖണ്ഡ് സർക്കാരും ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും അവഗണിക്കുകയാണെന്നും വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാരും കമ്മീഷനും പരാജയപ്പെട്ടുവെന്നും മഹതോ ആരോപിച്ചു. മുഖ്യമന്ത്രിക്കു നൽകിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മഹതോ വ്യക്തമാക്കി.
14-ാമത് ജെ.പി.എസ്.സി സംയുക്ത സിവില്‍ സർവീസസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നും ടി.ഡി.പി.എൽ വഴി നടത്തിയ എല്ലാ പരീക്ഷകളും പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യം അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.