തിരുച്ചിറപ്പള്ളി: കാവേരി ജലം അടിയന്തരമായി തുറന്നുവിടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ കർഷകരുടെ വിചിത്ര പ്രതിഷേധം. തിരുച്ചിറപ്പള്ളിയിൽ കാവേരി നദീതീരത്ത് മണലിൽ പുതഞ്ഞുനിന്നുകൊണ്ടായിരുന്നു കർഷകരുടെ സമരം. കുരുവൈ കൃഷി സംരക്ഷിക്കാൻ പലതവണ അപേക്ഷിച്ചിട്ടും കർണാടക വെള്ളം വിട്ടുനൽകാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് കർഷക സംഘടന നേതാവ് അയ്യക്കണ്ണുവിന്റെ നേതൃത്വത്തിൽ ഞായറാഴ്ച സമരം സംഘടിപ്പിച്ചത്.
തമിഴ്‌നാടിന്റെ അവകാശമായ വെള്ളം നൽകാതെ, അധിക ജലം മാത്രം തുറന്നുവിട്ട് സംസ്ഥാനത്തെ 'ഡ്രൈനേജ് സ്റ്റേറ്റ്' ആയി കർണാടക സർക്കാർ അപമാനിക്കുകയാണെന്ന് കർഷകർ കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ ജലലഭ്യതയെ കൂടുതൽ സാരമായി ബാധിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെയുള്ള എതിർപ്പും കർഷകർ പ്രതിഷേധത്തിനിടെ രേഖപ്പെടുത്തി. സംസ്ഥാനത്തെ കർഷക സമൂഹത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന് സമരം നയിച്ച അയ്യക്കണ്ണു ആവശ്യപ്പെട്ടു.
കർണാടക സർക്കാറിനോട് എല്ലാ മാസവും തമിഴ്‌നാടിന് വെള്ളം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും, കർണാടകയിൽ 80 ടി.എം.സിയിലധികം വെള്ളമുണ്ടായിട്ടും ഡി.കെ ശിവകുമാർ 3,500 ക്യുസെക്സ് വെള്ളം പോലും തുറന്നുനൽകാൻ തയാറായില്ല. കേരളത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് എത്തിയ വെള്ളം ഭവാനിനഗർ അണക്കെട്ടിലേക്ക് തിരിച്ചുവിടാൻ അവസരമുണ്ടായിരുന്നിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിനുള്ള ജലവിഹിതം ഉറപ്പാക്കുന്നതിലും ടി.വി.കെ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം രംഗത്തെത്തി. മുഖ്യമന്ത്രി ഡ്രോൺ ഷോകളിലും റെഡ് കാർപെറ്റ് സ്വീകരണങ്ങളിലും തിരക്കിലാണെന്നും കർഷകർക്ക് വെള്ളമാണ് ആവശ്യമെന്നും അദ്ദേഹം വിമർശിച്ചു.
കുറഞ്ഞ മഴ ലഭിക്കുന്ന വർഷങ്ങളിൽ കാവേരി നദിയിലെ ജലം എങ്ങനെ പങ്കിടണം എന്നതിനെച്ചൊല്ലി കർണാടകയും തമിഴ്‌നാടും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നം നിലവിൽ വീണ്ടും രൂക്ഷമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.