മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര മന്ത്രിസഭയിലേക്ക് മാറിയേക്കുമെന്നും അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകിയേക്കുമെന്നും ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്നാവിസും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നതായി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന് ഉന്നത വിദ്യാഭ്യാസമുള്ള, ദൂരക്കാഴ്ചയുള്ള മികച്ചൊരു ഭരണാധികാരിയെ ആവശ്യമുണ്ടെന്നാണ് പ്രധാനമന്ത്രി മോദിയുടെ ചിന്ത. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു മികച്ച വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യതയുള്ള വ്യക്തി ദേവേന്ദ്ര ഫഡ്നാവിസാണ്. പ്രധാനമന്ത്രിയും ഫഡ്നാവിസും തമ്മിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടന്നിട്ടുണ്ടെന്നും കേന്ദ്രത്തിലേക്ക് വരാൻ ഫഡ്നാവിസിനോട് മോദി നിർദേശിച്ചിട്ടുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിയുടേത് താത്കാലിക ചുമതല മാത്രമാണെന്ന് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
പ്രൾഹാദ് ജോഷി നിലവിൽ ഒരു താത്കാലിക വിദ്യാഭ്യാസ മന്ത്രി മാത്രമാണ്. മുൻപ് കൈകാര്യം ചെയ്ത കൽക്കരി മന്ത്രാലയം പോലെയുള്ള വകുപ്പുകളാണ് അദ്ദേഹത്തിന് കൂടുതൽ അനുയോജ്യം. ഇതൊരു താൽക്കാലിക സംവിധാനം മാത്രമാണ്, മികച്ചൊരു സ്ഥിരം വിദ്യാഭ്യാസ മന്ത്രിയെ കേന്ദ്രം തിരയുകയാണ്. എന്റെ അറിവ് അനുസരിച്ച് രാജ്യത്തിന് അനുയോജ്യനായ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാകാൻ ദേവേന്ദ്ര ഫഡ്നാവിസിന് സാധിക്കും. പ്രധാനമന്ത്രി മോദിക്കും ഇതേ അഭിപ്രായമാണുള്ളത്. ആർ.എസ്.എസ് ആശയങ്ങളോട് ആഭിമുഖ്യമുള്ള, ഉന്നത വിദ്യാഭ്യാസവും ഒരു സംസ്ഥാനം ഭരിച്ച പരിചയസമ്പത്തുമുള്ള നേതാവാണ് അദ്ദേഹം. എന്നാൽ ഫഡ്നാവിസ് കേന്ദ്രത്തിലേക്ക് മാറിയാൽ മഹാരാഷ്ട്രയിൽ പകരം ആര് മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ഡൽഹി ജന്തർമന്തറിലെ പ്രതിഷേധം കടുത്തതോടെയാണ് സർക്കാരിന് സമരക്കാരുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നത്. സമര നേതൃത്വവുമായി കേന്ദ്ര സർക്കാർ മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. സി.ജെ.പി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിന്നതോടെ മറ്റ് വഴികളില്ലാതെ ധർമേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.