ബംഗളൂരു: പരപുരുഷ ബന്ധം പുലർത്തിയെന്നാരോപിച്ച് മാതാവിനെ കൊന്ന 21കാരൻ അറസ്റ്റിലായി. കർണാടകയിലെ ഹാവേരി ജില്ലയിലെ വാനഹള്ളിയിലാണ് സംഭവം. ഒന്നിലധികം പുരുഷൻമാരുമായി ബന്ധം പുലർത്തിയെന്ന് ആരോപിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നവംബർ 12ാം തിയതി ഇക്കാര്യത്തെ ചൊല്ലി മാതാവും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. 15 വർഷം മുമ്പാണ് സ്ത്രീയുടെ ഭർത്താവ് മരിച്ചത്.
മരിച്ച സ്ത്രീക്ക് ഒരാളുമായി മാത്രമേ ബന്ധമുണ്ടായിരുന്നുവെങ്കിലും ഇത് ഇഷ്ടമല്ലാതിരുന്ന പ്രതി പരപുരുഷ ബന്ധം ആരോപിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രദേശത്ത് തന്നെയുള്ള ഒരാളുമായി സ്ത്രീ ഇഷ്ടത്തിലായിരുന്നു. എന്നാൽ ഇത് ഇഷ്ടമല്ലാതിരുന്ന മകൻ നിരന്തരം കലഹമുണ്ടാക്കി. ഒരാഴ്ച മുമ്പ് ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാവ് അമ്മയുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.
സംഭവ ദിവസം കൃഷിസ്ഥലത്തെ പണി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സ്ത്രീയെ തടഞ്ഞ് നിർത്തിയ മകൻ നിർബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് പാടത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നവംബർ 13ന് സ്ത്രീയുടെ സഹോദരി വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പ്രതി അവർ നേരത്തെ തന്നെ ജോലിക്ക് പോയതായി അറിയിച്ചു. അന്ന് വൈകിയും സഹോദരി വീട്ടിൽ തിരിച്ചെത്താത്തത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച സ്ത്രീയുടെ സഹോദരിയാണ് സംഭവം പൊലീസിൽ റിപോർട്ട് ചെയ്തത്. ബന്ധുക്കൾ നൽകിയ മൊഴിപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വേളയിൽ പ്രതി കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.