ലഖ്നോ: ഉത്തർപ്രദേശിൽ ഇരട്ടകൊലപാതക കേസിലെ പ്രതിയെ വിചാരണക്കിടെ കോടതി മുറിക്കുള്ളിൽ വെടിവച്ചു കൊന്നു. ബിജ്‌നോറിലെ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
ബി.എസ്.പി നേതാവ് ഹാജി ഇഹ്സാനെയും അനന്തരവനെയും കൊന്ന കേസിലെ പ്രതി ഷാനവാസ് അൻസാരിയാണ് മരിച്ചത്. ഷാനവാസിൻെറ കൂട്ടു പ്രതിക്കും മനീഷ് കുമാർ എന്ന പൊലീസ് കോൺസ്റ്റബിളിനും വെടിവെപ്പിൽ പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹാജി ഇഹ്സാൻെറ മകനടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ മൂന്നുപേർ എഴുന്നേറ്റ് തുരുതുരെ വെടിവെക്കുകയായിരുന്നു. ഷാനവാസിൻെറ ദേഹത്ത് പത്ത് ബുള്ളറ്റുകൾ തുളച്ചുകയറി. ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിയുതിർന്ന ഉടൻ തന്നെ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന ജഡ്ജി ഉൾപ്പെടെയുള്ളവർ തറയിൽ കമിഴ്ന്നു കിടന്നു.
വെടിവെച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നെന്ന് ബിജ്നോർ എസ്.പി. സഞ്ജീവ് ത്യാഗി പറഞ്ഞു.
നജീബബാദിൻെറ ചുമതലയുണ്ടായിരുന്ന ബി.എസ്.പി നേതാവ് ഹാജി ഇഹ്സാൻ ഖാൻ, അന്തരവൻ ഷബാദ് എന്നിവർ മേയ് 28നാണ് ഓഫിസ് മുറിക്കുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. രാഷ്ട്രീയമല്ല, സ്ഥലമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവെച്ച വാടക കൊലയാളി അബ്ദുൽ ഖാനെ (19) ദിവസങ്ങൾക്കകം ഡൽഹിയിൽ വെച്ച് പൊലീസ് പിടികൂടിയതോടെയാണ് ഷാനവാസ് അൻസാരി അടക്കമുള്ളവർ കുടുങ്ങിയത്.
2017 ഏപ്രിലിലും ഇതേ കോടതിയിൽ വിചാരണത്തടവുകാരനെ വെടിവെച്ച് കൊന്നിരുന്നു. വിചാരണക്കായി കൊണ്ടുവരുേമ്പാൾ നീരജ് ബവാന സംഘത്തിൽപ്പെട്ട കൊലക്കേസ് പ്രതിയെയാണ് കോടതി വളപ്പിൽ വെച്ച് വെടിവെച്ച് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.