ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ മാറ്റിയേക്കും. 'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന' എന്ന പേരാകും ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം നൽകുക.
പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ബിൽ പ്രകാരം തൊഴിൽ ദിനങ്ങളിൽ വർധനവുണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 100 തൊഴിൽ ദിനത്തിൽ നിന്ന് 125 തൊഴിൽ ദിനങ്ങളായി വർധിക്കും. പദ്ധതിക്കായി കേന്ദ്ര സർക്കാർ 1.51 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. എം.ജി.എൻ.ആർ.ഇ.ജി.എ, എൻ.ആർ.ഇ.ജി.എ എന്നിങ്ങനെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നായിരുന്നു പദ്ധതിയുടെ ആദ്യ പേര്. പിന്നീട് അത് 'മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം' എന്നാക്കി മാറ്റുകയായിരുന്നു. ഒരു സാമ്പത്തിക വർഷത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ള എല്ലാ ഗ്രാമീണ കുടുംബങ്ങളിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് കുറഞ്ഞത് 100 ദിവസത്തെ വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.