ബംഗാളില്‍ സേനാവിന്യാസം: പാര്‍ലമെന്‍റില്‍ ബഹളം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ പശ്ചിമ ബംഗാളിലെ 19 കേന്ദ്രങ്ങളില്‍ സൈനിക വിന്യാസം നടത്തിയതിന് കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. സൈന്യത്തെ പിന്‍വലിക്കാതെ ഓഫിസ് വിട്ടുപോകില്ളെന്ന് പ്രഖ്യാപിച്ച മമത ബാനര്‍ജി രാത്രി പുലരും വരെ സെക്രട്ടേറിയറ്റില്‍ കഴിച്ചുകൂട്ടിയ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രിയും സഹമന്ത്രിയും രംഗത്തുവന്നു. പ്രതിപക്ഷത്തെ കള്ളപ്പണക്കാരുമായി ചേര്‍ത്തുപറഞ്ഞ പ്രധാനമന്ത്രി മാപ്പു പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതിനാല്‍ കറന്‍സി നിരോധന വിഷയത്തില്‍ പാര്‍ലമെന്‍റ് സ്തംഭനം വെള്ളിയാഴ്ചയും തുടര്‍ന്നു.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് വിഷയം ഉന്നയിച്ചത്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ സൈനിക വിന്യാസം സംബന്ധിച്ച് വിവരം നല്‍കിയില്ളെന്നും ജമ്മു-കശ്മീരില്‍പോലും ഇങ്ങനെ സംഭവിച്ചിട്ടില്ളെന്നും അവിടത്തെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഒരു മുഖ്യമന്ത്രി രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ ഇത്തരത്തിലൊരു പ്രതിഷേധത്തിനിറങ്ങേണ്ടിവരുന്നത്. ടോള്‍ പ്ളാസകള്‍ കൈയടക്കിയ സൈന്യം വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചുവെന്നും കറന്‍സി നിരോധനത്തിന് മമത ബാനര്‍ജി പ്രതിഷേധമുയര്‍ത്തിയതിന്‍െറ അനന്തര ഫലമാണിതെന്നും തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു. സംസ്ഥാനത്തിന്‍െറ അനുമതിയില്ലാതെ സൈന്യത്തെ വിന്യസിച്ചത് ഫെഡറല്‍ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി.

സമാനമായ സൈനിക വിന്യാസം കഴിഞ്ഞവര്‍ഷം ഡിസംബറിലും ബംഗാളില്‍ നടന്നിട്ടുണ്ടെന്നും ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും സൈനികര്‍ പരിശോധനക്കിറങ്ങിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേ മറുപടി നല്‍കി. ദേശീയമായ ഒരു അടിയന്തരാവസ്ഥയുണ്ടാകുമ്പോള്‍ സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍ ലഭ്യമാകുമോ എന്നറിയാനാണ് ഈ പരിശോധനയെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥക്ക് ഒരുങ്ങുകയാണെന്നാണ് മന്ത്രി പറയുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഓടിയടുത്തു. ദേശീയ അടിയന്തരാവസ്ഥ എന്നുദ്ദേശിച്ചത് വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു വിശദീകരണവുമായി രംഗത്തുവന്നു.

Tags:    
News Summary - mamatha issues in parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.