വിജയ്
കരുർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കരുർ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. 2025 സെപ്റ്റംബറിൽ ടി.വി.കെ. റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഈ പ്രദേശം സന്ദർശിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ ചാർട്ടേഡ് വിമാനത്തിലെത്തിയ മുഖ്യമന്ത്രി റോഡ് മാർഗമാണ് കരുരിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പത്ത് കിലോമീറ്റർ നീളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 5,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമന ഉത്തരവുകൾ മുഖ്യമന്ത്രി നേരിട്ട് കൈമാറി. ഈ നിയമന നടപടികൾക്കെതിരെ ഹൈക്കോടതിയിൽ വന്ന ഹർജി നേരത്തെ തള്ളിയിരുന്നു. ദുരന്തബാധിതർക്ക് നേരത്തെ 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും സർക്കാർ ധനസഹായം നൽകിയിരുന്നു.
കരുർ ദുരന്തം ഒരിക്കലും മറക്കാനാവാത്ത വേദനാജനകമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. കരുർ ദുരന്തത്തെ ഡി.എം.കെ. രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നും അവരുടെ മുഖംമൂടി ഇതിലൂടെ അഴിഞ്ഞുവീണുവെന്നും വിജയ് വിമർശിച്ചു. താൻ പണത്തേക്കാൾ ഉപരിയായി ജനങ്ങളുടെ ജീവനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മണ്ഡല പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.
കരുർ ദുരന്തത്തെ തുടർന്ന് സി.ബി.ഐ. അന്വേഷണം നടക്കുകയും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വൻ ജനപങ്കാളിത്തമുണ്ടായ റാലിക്കിടെയുണ്ടായ അപകടം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. കറുപ്പ് വസ്ത്രം ധരിച്ചാണ് മുഖ്യമന്ത്രി സന്ദർശനത്തിനെത്തിയത്. തടിച്ചു കൂടിയ പ്രവർത്തകരുടെ വൻ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സർക്കാർ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.