ന്യൂഡൽഹി: അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന മുദ്രാവാക്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ. മൂന്നു ദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ മമത വിശാല സഖ്യത്തിനായി വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെയും ബി.ജെ.പി വിരുദ്ധ നിലപാടുകാരെയും കണ്ടു. ‘‘ആദ്യം ബി.ജെ.പിയെ പുറത്താക്കണം, പ്രധാനമന്ത്രി ആരെന്ന ചോദ്യമൊക്കെ അതിനു ശേഷം’’ മാധ്യമപ്രവർത്തകരോടും പ്രതിപക്ഷ നേതാക്കളോടുമെല്ലാം മമതക്ക് പറയാനുള്ളത് അതാണ്. അസം പൗരത്വപ്പട്ടിക വിഷയത്തിലടക്കം ബി.ജെ.പിക്കെതിരെ കടുത്ത ആക്രമണമാണ് മമത നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ കഴിയുന്നത്ര ഒന്നിച്ചു നിൽക്കണം. കൂട്ടായ നേതൃത്വത്തിൻ കീഴിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ടുനീങ്ങുക. ബി.ജെ.പിയെ പുറത്താക്കുന്നതിനാണ് ആദ്യത്തെ പരിഗണന. അതിന് ഒന്നിച്ചുനിൽക്കും. ഒാരോ സംസ്ഥാനത്തും ഏതു പാർട്ടിക്കാണോ ശക്തി, അവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബി.ജെ.പിയെ നേരിടും. പശ്ചിമ ബംഗാളിൽ തൃണമൂലിനാണ് അതിനുള്ള ശക്തി -മമത മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പു തന്ത്രം ഇതാണ്.
വിശാല സഖ്യത്തിനായി കൂടിക്കാഴ്ചകളുടെ തിരക്കുതന്നെ. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി മുതൽ കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണി വരെയുള്ളവരുമായി മമത ബുധനാഴ്ച ചർച്ച നടത്തി. ബി.ജെ.പിയുടെ പുതിയ നേതൃത്വത്തിന് അനഭിമതരായി മാറിയ എൽ.കെ. അദ്വാനി, യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, രാംജത് മലാനി, കീർത്തി ആസാദ് തുടങ്ങിയവരെയും മമത ഇതിനിടയിൽ കണ്ടു.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മമതേയാ മായാവതിയോ പ്രധാനമന്ത്രിയാകുന്നതിന് എതിരല്ലെന്ന് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചനകൾക്കിടെയാണ് സോണിയയുടെ വസതിയിൽ മമത എത്തിയത്. ജനുവരി 19ന് തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായാണിത്. ഇൗ റാലി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഒത്തുചേരൽ വേദിയാക്കി മാറ്റാനാണ് മമതയുടെ ഉദ്ദേശ്യം. അതിലേക്ക് എല്ലാ നേതാക്കളെയും ക്ഷണിക്കലും മമതയുടെ ഡൽഹി യാത്ര ലക്ഷ്യമാണ്.
അസമിലെ പൗരത്വപ്പട്ടിക വിഭജന രാഷ്ട്രീയത്തിന് ബി.ജെ.പി ഉപകരണമാക്കുന്ന വിഷയം ഇൗ കൂടിക്കാഴ്ചകളിൽ സജീവ ചർച്ചയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് തുറുപ്പുശീട്ടാക്കുമെന്ന് മമത ഒാർമിപ്പിക്കുന്നു. പാർലമെൻറിെൻറ സെൻട്രൽഹാളിൽ നിരവധി പാർട്ടി നേതാക്കളുമായി മമത ചർച്ച നടത്തി. അക്കൂട്ടത്തിലാണ് ജോസ് കെ. മാണിയെ തൃണമൂൽ നേതാവ് െഡറിക് ഒബ്രിയൻ മമത ബാനർജിയുടെ മുന്നിലെത്തിച്ചത്. ബി.ജെ.പി വിരുദ്ധ വിശാല സഖ്യത്തിെൻറ ഭാഗമാണ് നമ്മളെല്ലാമെന്ന് ജോസ് കെ. മാണിയെ മമത ഒാർമിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹ്മദ് പേട്ടൽ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, എ.െഎ.എ.ഡി.എം.കെ നേതാവ് തമ്പി ദുരെ, ബി.ജെ.പി സഖ്യം വിട്ട ടി.ഡി.പിയുടെ എം.പിമാർ തുടങ്ങിയവരെയും മമത കണ്ടു.
അതിനിടെ, 2019ഒാടെ ബി.ജെ.പി തീരുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഭരണകൂടത്തെ ഭയപ്പെടുത്തുന്നു. അസം പൗരത്വ വിഷയത്തിൽ 'ആഭ്യന്തര യുദ്ധം' എന്ന പരാമർശം താൻ നടത്തിയിട്ടില്ല. 40 ലക്ഷം പേരുകൾ പൗരത്വപ്പട്ടികക്ക് പുറത്താണ്. 2019ൽ അധികാരത്തിൽ എത്തില്ലെന്ന കാര്യം അറിയാവുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.