കൊൽക്കത്ത: ഇൻഡ്യ മുന്നണി യോഗത്തിൽ പങ്കെടുക്കാനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഡൽഹിയിലെത്തി. പാർലമെന്റിലെ പാർട്ടി അംഗങ്ങൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും പിളർപ്പിനുള്ള സാധ്യതകളും ചർച്ചയാകുന്നതിനിടെയാണ് മമതയുടെ സന്ദർശനം.
ഞായറാഴ്ച ഡൽഹിയിലേക്ക് തിരിച്ച മമതക്കൊപ്പം രാജ്യസഭാംഗം ഡോള സെൻ, ലോക്സഭാംഗം കല്യാൺ ബാനർജി എന്നിവരുമുണ്ട്. പിളർപ്പ് ഭീഷണി മുൻകൂട്ടി കണ്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ശനിയാഴ്ച തന്നെ ഡൽഹിയിലെത്തിയിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭയിലെ തൃണമൂലിന്റെ നിയമസഭാ കക്ഷിയിൽനിന്ന് കഴിഞ്ഞയാഴ്ച വലിയൊരു വിഭാഗം നേതാക്കൾ പുറത്തുപോയിരുന്നു. പാർട്ടിയിലുണ്ടായ ഈ വലിയ തിരിച്ചടിക്ക് പിന്നാലെ, സമാനമായ നീക്കം പാർലമെന്റിലും നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേതൃത്വത്തെ ആശങ്കയിലാക്കുന്നു. നിയമസഭയിലെ 80 എം.എൽ.എമാരിൽ 58 പേരും പാർട്ടി വിട്ട് പുറത്തായ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ പ്രതിപക്ഷ ബ്ലോക്ക് രൂപവത്കരിച്ചിരുന്നു. ഇത് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരുന്നു.
ഇതേ മാതൃകയിൽ പാർലമെന്റിലെ തൃണമൂൽ അംഗങ്ങളെയും അടർത്തിയെടുക്കാൻ വിമത പക്ഷം ശ്രമം നടത്തുന്നതായാണ് വിവരം. ഇക്കാര്യം വിമത എം.എൽ.എയും പുതിയ നിയമസഭാ കക്ഷി ഡെപ്യൂട്ടി ലീഡറുമായ സന്ദീപൻ സാഹയും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
നിലവിൽ ലോക്സഭയിൽ 28 ഉം രാജ്യസഭയിൽ 13 ഉം അംഗങ്ങളാണ് തൃണമൂലിനുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം, പാർലമെന്ററി പാർട്ടിയിൽനിന്ന് പിളർന്നുപോകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (19 എം.പിമാർ) അനിവാര്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത്, പാർട്ടിയെ ഒന്നിച്ച് നിർത്താനുള്ള തീവ്രശ്രമത്തിലാണ് മമതയും നേതൃത്വവും. തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ മുന്നണി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന.
അതേസമയം, പാർട്ടിയിൽ പടരുന്ന കലാപത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിൽ അഴിച്ചുപണി തുടങ്ങി. മമതയുടെ അനന്തരവനും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ അധികാരം വെട്ടിക്കുറച്ചു. പാർട്ടിയിൽ അഭിഷേക് ബാനർജിയുടെ വാക്ക് അന്തിമമെന്ന നില മാറി.
ഇദ്ദേഹത്തെ സഹായിക്കാൻ ഡെറിക് ഒബ്രിയൻ, ഡോള സെൻ എന്നിവരെ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മമത നിയമിച്ചു. അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിക്കെതിരെയുള്ള അതൃപ്തിയാണ് പാർട്ടിക്കുള്ളിലെ വിമതനീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന അധ്യക്ഷയായി മുതിർന്ന നേതാവ് ചന്ദ്രിമ ഭട്ടാചാര്യയെ നിയമിച്ചു. സുബ്രത ബക്ഷി ദേശീയ വർക്കിങ് കമ്മിറ്റി വൈസ് പ്രസിഡന്റായി തുടരും. പാർട്ടിയിലെ വിവിധ വിഭാഗങ്ങളിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സജ്ദ അഹമ്മദ്, മമത താക്കൂർ, നയന ബന്ദ്യോപാധ്യായ, സ്വാതി ഖണ്ഡേകർ എന്നിവരാണ് പശ്ചിമ ബംഗാൾ പ്രദേശ് തൃണമൂൽ കോൺഗ്രസിന്റെ പുതിയ വൈസ് പ്രസിഡന്റുമാർ.
സായോനി ഘോഷ് യുവജന വിഭാഗം തലപ്പത്ത് തുടരും. പാർട്ടിയിൽ വിമതസ്വരമുയർന്ന സാഹചര്യത്തിൽ പഴയ വിശ്വസ്തർക്ക് മമത വീണ്ടും ഉത്തരവാദിത്തങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.