ബംഗാളി കുടിയേറ്റക്കാരോടുള്ള വിവേചനം; മോദി നടത്തുന്ന കൊൽക്കത്ത മെട്രോ പദ്ധതികളുടെ ഉദ്ഘാടനം മമത ബഹിഷ്‍കരിക്കും

കൊൽക്കത്ത: ആഗസ്റ്റ് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മൂന്ന് കൊൽക്കത്ത മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിൽക്കുമെന്ന് ഉന്നത സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. റെയിൽവേ മന്ത്രിയായിരിക്കെ മമതയാണ് ഈ മെട്രോ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നും അവർ അവകാശപ്പെട്ടു. 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റക്കാർ പീഡിപ്പിക്കപ്പെടുന്നതായി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് മെട്രോ പദ്ധതികളുടെ ഉദ്ഘാടനം ഒഴിവാക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം. 

‘ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും പിന്തുണയോടെ നിരവധി സംസ്ഥാനങ്ങളിൽ ഭാഷാപരമായ വിവേചനവും ബംഗാളികളെ ഉപദ്രവിക്കുന്നതായും ആരോപണമുണ്ട്. ബംഗാളി കുടിയേറ്റക്കാരോട് ഇത്തരം വിവേചനപരമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വേദി പങ്കിടാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും’ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

ആഗസ്റ്റ് 14ന് അയച്ച കത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മൂന്ന് മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തിന് ബാനർജിയെ ക്ഷണിച്ചിരുന്നു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ തുറക്കുകയാണെന്ന് പറഞ്ഞ് ഉദ്ഘാടനത്തെ തൃണമൂൽ ചോദ്യം ചെയ്തു. 

‘റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് മമത ബാനർജിയാണ് ഈ റെയിൽവേ പദ്ധതികൾ ആസൂത്രണം ചെയ്ത് ധനസഹായം നൽകിയത്. വർഷങ്ങളുടെ മന്ദഗതിയിലുള്ള പുരോഗതിക്കു ശേഷം, ബി.ജെ.പി ഇപ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകാരം നേടാനാണ്. മുഖ്യമന്ത്രിക്ക് കത്ത് വഴി പതിവ് ക്ഷണം മാത്രമാണ് നൽകിയിരുന്നത്’ -ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭരണഘടനാ പ്രോട്ടോക്കോൾ മാനിച്ച് മുഖ്യമന്ത്രി മുമ്പ് കേന്ദ്ര സർക്കാറിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ പരിപാടികൾക്കിടെ ബി.ജെ.പി അനുയായികൾ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അനാദരവോടെ പെരുമാറുകയും ചെയ്തു. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയ വേദികളാക്കി മാറ്റി. ഇത് കണക്കിലെടുക്കുമ്പോൾ അത്തരം അസ്വീകാര്യമായ പെരുമാറ്റത്തിന് ഒരു വഴിയും നൽകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Mamata Banerjee likely to skip inauguration of Kolkata metro projects by PM Modi on August 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.