ബിജെപിയും ഗ്യാനേഷ് കുമാറും ‘ജോയിന്റ് വെഞ്ച്വർ’, ബംഗാളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണം; മമത ബാനർജി

കൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ കടുത്ത ആഭ്യന്തര ഭിന്നത നിലനിൽക്കുന്നുവെന്ന ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രതികരണം.

പഴയ വോട്ടർപട്ടിക ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന ആരോപണവും അവർ ഉന്നയിച്ചു. ‘ബി.ജെ.പിയും ഗ്യാനേഷ് കുമാറും ഒരു സംയുക്ത സംരംഭ (ജോയിന്റ് വെഞ്ച്വർ) കമ്പനിയാണ്. അവർ ഒരുമിച്ച് ബംഗാൾ തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു. നിങ്ങൾക്ക് എന്തെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ ഞങ്ങളുടെ തെരഞ്ഞെടുപ്പ് തിരികെ നൽകുക’ -മമത ബാനർജി പറഞ്ഞു. 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 293 സീറ്റുകളിൽ ബി.ജെ.പി 207 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളാണ് ലഭിച്ചത്.

ബംഗാൾ തെരഞ്ഞെടുപ്പിന് പുറമെ ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പുകളും എസ്.ഐ.ആർ നടപടികളും നടന്ന മറ്റ് സംസ്ഥാനങ്ങളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. ബി.ജെ.പിയുടെ അഹന്തയെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ജോലി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025-26ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചത് അദ്ദേഹം കാരണമാണെന്നും മമത അവകാശപ്പെട്ടു. ഇന്ത്യ മുന്നണി ഉടൻ യോഗം ചേരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും അവർ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇരുവരും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, റിപ്പോർട്ട് തള്ളി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തിയിരുന്നു. കമീഷനിലെ ആഭ്യന്തര കുറിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും സാധാരണ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്നും ചില പ്രത്യേക കുറിപ്പുകൾ മാത്രം ഉയർത്തിക്കാട്ടുന്നത് വിഷയത്തിന്റെ ഒരു വശം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലായിരുന്നു വിശദീകരണം.

Tags:    
News Summary - Mamata Banerjee demands repoll in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.