കനത്ത മഴ; ചരിത്രപ്രസിദ്ധമായ ചാർമിനാറിന്റെ ഒരു ഭാഗം തകർന്നു
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ പെയ്ത കനത്ത മഴയിൽ ചരിത്രപ്രസിദ്ധമായ ചാർമിനാറിന് കേടുപാടുകൾ. നഗരത്തിലെ ഓൾഡ് സിറ്റിയിൽ ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന ശക്തമായ മഴയെത്തുടർന്ന് ചാർമിനാറിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ലാഡ് ബസാറിന് അഭിമുഖമായുള്ള ഭാഗത്തെ വെള്ള സിമന്റ് പ്ലാസ്റ്ററാണ് മഴയിൽ അടർന്നു വീണത്.
സംഭവത്തെ തുടർന്ന് ചാർമിനാർ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും റോഡിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിൽ പെയ്ത 37 മില്ലിമീറ്റർ മഴയാണ് ഈ അപകടത്തിന് കാരണമായത്.
ചാർമിനാറിന്റെ ഇടത് വശത്തുള്ള മിനാറിന് താഴെയുള്ള പുറംമതിലിന്റെ ചെറിയൊരു ഭാഗമാണ് രാത്രി വൈകി അടർന്നു വീണതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈ ഭാഗത്തെ പുറംഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരുന്നതിനാൽ നേരത്തെ തന്നെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നതാണെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഹൈദരാബാദിൽ 37.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സംഗറെഡ്ഡിയിലാണ് (82.8 മില്ലിമീറ്റർ). സെപ്റ്റംബർ 26 ശനിയാഴ്ച വരെ ഹൈദരാബാദിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ മൂസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ചരിത്ര സ്മാരകമാണ് ചാർമിനാർ. ചാർമിനാർ എന്നാൽ ‘നാല് ഗോപുരങ്ങൾ’ എന്നാണർഥം. ഹൈദരാബാദിന്റെ ഔദ്യോഗിക ചിഹ്നമായ ഈ കെട്ടിടം ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
കുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ സുൽത്താനായ മുഹമ്മദ് ഖുലി കുതുബ് ഷാ ആണ് 1591ൽ ചാർമിനാർ നിർമ്മിച്ചത്.തന്റെ തലസ്ഥാനം ഗോൽക്കൊണ്ടയിൽനിന്നും പുതിയ നഗരമായ ഹൈദരാബാദിലേക്ക് മാറ്റിയതിന്റെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചത്. കൂടാതെ, അക്കാലത്ത് നഗരത്തെ പിടിച്ചുലച്ച പ്ലേഗ് എന്ന മാരകമായ പകർച്ചവ്യാധിയിൽനിന്നുള്ള മുക്തിക്ക് ചദൈവത്തിനോടുള്ള നന്ദിസൂചകമായാണ് ഇത് നിർമിച്ചതെന്നും ചരിത്രരേഖകൾ പറയുന്നു.
ചാർമിനാറിന് ചുറ്റുമുള്ള വിപണികളും വളരെ പ്രശസ്തമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വളകൾക്ക് പേര് കേട്ട ‘ലാഡ് ബസാർ’. ഇതിന് തൊട്ടടുത്തായി ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദും സ്ഥിതി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.