ബിജെപിയില്‍ നിർണായക മാറ്റങ്ങൾ: കേരളത്തിൽ എം. നാഗരാജ് പ്രഭാരി; അനിൽ ആന്റണിക്കും കെ സുരേന്ദ്രനും ജോര്‍ജ് കുര്യനും പ്രധാന ചുമതലകൾ

ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിയമിച്ച് ബി.ജെ.പി അധ്യക്ഷൻ നിതിൻ നവീൻ. റാം മാധവിനെ പാർട്ടി ഉപാധ്യക്ഷനായും സ്മൃതി ഇറാനിയെ ജനറൽ സെക്രട്ടറിയായും നിയമിച്ചു. ബി.ജെ.പി ഐ.ടി സെൽ പ്രഭാരി അമിത് മാളവ്യയെ മാറ്റി. ദീപക് മഹസ്കെക്കാണ് പുതിയ ചുമതല. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉപാധ്യക്ഷയായി തുടരും. ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷും തൽസ്ഥാനം നിലനിർത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാരെ മാറ്റി നിയമിച്ചത്. കേരളത്തിന്റെ ചുമതലയില്‍ നിന്ന് പ്രകാശ് ജാവദേക്കറെ മാറ്റി പുതിയ പ്രഭാരിയായി എം. നാഗരാജിനെ നിയമിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് നാഗ്‌രാജ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ സെക്രട്ടറി എന്‍. വെങ്കിടേഷാണ് കേരളത്തിൽ പുതിയ സഹപ്രഭാരി.

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്‍കി. മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ലക്ഷദ്വീപിന്റെ ചുമതല. അനില്‍ ആന്റണിക്ക് ഇരട്ടച്ചുമതലയാണ് നൽകിയത്. നാഗലാന്‍ഡിന്റെ പ്രഭാരിയും ഗോവയുടെ സഹപ്രഭാരിയുമാണ് അനിൽ ആന്റണി.

സ്മൃതി ഇറാനിക്കാണ് ഛത്തീസ്ഗഢ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതല. ഹരീഷ് ദ്വിവേദി: ബിഹാര്‍. വിനോദ് താവ്‌ഡെ: ഉത്തര്‍പ്രദേശ്. റാം മാധവ്: തമിഴ്നാട്, ഉത്തരാഖണ്ഡ്. തരുണ്‍ ചുഗ്: ഗുജറാത്ത്. സതീഷ് പൂനിയ: ജമ്മു കശ്മീര്‍, പഞ്ചാബ്. സഞ്ജയ് ഭാട്ടിയ: രാജസ്ഥാന്‍. വിനയ് സഹസ്രബുദ്ധെ: ഡല്‍ഹി എന്നിവിടങ്ങളിലെ പ്രഭാരിമാരായി.

സ്മൃതി ഇറാനി, റാം മാധവ് ഉൾപ്പെടെ അഞ്ച് നേതാക്കൾക്ക് രണ്ട് സംസ്ഥാനങ്ങളുടെ വീതം ചുമതലയുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 36 പ്രഭാരിമാരെയും 24 സഹപ്രഭാരിമാരെയും ബി.ജെ.പി ബുധനാഴ്ച പ്രഖ്യാപിച്ചത്.

പുതിയ പട്ടിക പ്രകാരം സ്മൃതി ഇറാനിയെ ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും പ്രഭാരിയായി നിയമിച്ചു. റാം മാധവിന് തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല നൽകി. ഉത്തർപ്രദേശിൽ നാല് സഹപ്രഭാരിമാരെ നിയമിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ 12 സഹപ്രഭാരിമാരെ നിയമിച്ചിട്ടില്ല. അമാൻ ആൻഡ് നിക്കോബാർ, അരുണാചൽ പ്രദേശ്, ചണ്ഡിഗഢ്, ദാദ്ര നഗർ ഹവേലി -ദാമൻ ദീവ്, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് സഹപ്രഭാരിമാരെ നിയമിക്കാതിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.