ഡി.കെ. ശിവകുമാർ
സമ്പൂർണ തട്ടിപ്പ്; പി.എസ്.സി തന്നെ പിരിച്ചുവിടാൻ ഒരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും അഴിമതിയും തുടർക്കഥയായ പശ്ചാത്തലത്തിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെ.പി.എസ്.സി) പൂർണമായും പിരിച്ചുവിടുന്നതിനെക്കുറിച്ച് സർക്കാർ നിയമോപദേശം തേടുകയാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതിനൊപ്പം, കെ.പി.എസ്.സിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ നേരിട്ട് നിശ്ചയിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച കർണാടക ഹൈകോടതിയുടെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി ചോദ്യം ചെയ്തു. ബെംഗളൂരുവിൽ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
'ഈ വിഷയത്തിൽ ഹൈകോടതിയെപോലെ തന്നെ സർക്കാരും അതീവ ഗൗരവത്തിലാണ്. കെ.പി.എസ്.സി അടച്ചുപൂട്ടേണ്ടതുണ്ട്. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഇതിൽ എന്തുചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ വിദഗ്ദ്ധരുമായി ആലോചിക്കുന്നത്. നിരവധി ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിർണായകമായ വലിയൊരു വിവരശേഖരം ഞങ്ങളുടെ പോലീസിന്റെ പക്കലുണ്ട്. തട്ടിപ്പ് എങ്ങനെ നടന്നു, ഔദ്യോഗിക നിയമനങ്ങൾ എങ്ങനെയായിരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു കഴിഞ്ഞു. എല്ലാ വിവരങ്ങളും ഉടൻ പുറത്തുവരും,' ഡി.കെ ശിവകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെറ്ററിനറി ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വൻ അഴിമതി പുറത്തുവന്നതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാർ കടുത്ത പ്രസ്താവനയുമായി എത്തിയത്. കെ.പി.എസ്.സി മുൻ പരീക്ഷാ കൺട്രോളറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജ്ഞാനേന്ദ്ര കുമാർ ഗാംഗ്‌വാറിനെ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഡി.ജി.പി അലോക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഹൈകോടതി ഉത്തരവിട്ടത്.
വിദ്യാർഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവിയും താല്പര്യങ്ങളും സംരക്ഷിക്കാനാണ് സർക്കാർ കെ.പി.എസ്.സി അടച്ചുപൂട്ടാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈകോടതി നടപടിയോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു: 'ഇത്തരം തട്ടിപ്പുകൾ കൃത്യമായി അന്വേഷിക്കാൻ ഞങ്ങളുടെ പോലീസിന് പൂർണ പ്രാപ്തിയുണ്ട്. ഹൈകോടതിക്ക് എങ്ങനെയാണ് ഇതിൽ നേരിട്ട് ഇടപെട്ട് സ്വന്തം നിലയിൽ എസ്.ഐ.ടിയെ വെക്കാൻ കഴിയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. പോലീസ് നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ലെങ്കിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതിക്ക് ഇടപെടാം; അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള അധികാരം സർക്കാരിനാണ്,' ശിവകുമാർ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.