ഗ്യാനേഷ് കുമാർ, രാഹുൽ ഗാന്ധി

'വോട്ട് ചോരി ഭരണഘടനക്കെതിരായ അക്രമം'; ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ചെയ്തത് രാജ്യദ്രോഹം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ 'വോട്ട് ചോരി' ഇന്ത്യൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യവും ഭരണഘടനയ്‌ക്കെതിരായ ആക്രമണവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിന് കൂട്ടുനിന്ന ഭരണകക്ഷിയായ ബി.ജെ.പിയും ആർ.എസ്.എസും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും രാജ്യദ്രോഹമാണ് ചെയ്തതെന്നും നീതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ തീരുമാനങ്ങൾക്കെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'എക്സി'ലൂടെയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോയും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു. 'തെരഞ്ഞെടുപ്പ് കമ്മീഷനോടും കമ്മീഷൻ ഉദ്യോഗസ്ഥരോടും ഞാൻ വളരെ വ്യക്തമായി പറയുകയാണ്; നിങ്ങൾ ചെയ്യുന്നത് തികച്ചും തെറ്റാണ്. ഇത് രാജ്യദ്രോഹമാണ്, രാജ്യത്തിനെതിരായ നീക്കമാണ്. സമയം വരും, നിങ്ങളെ ഞങ്ങൾ പിടികൂടും. ആർക്കും രക്ഷപ്പെടാനാവില്ല,' എന്ന് രാഹുൽ ഗാന്ധി വീഡിയോയിൽ ആഞ്ഞടിച്ചു.

പട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത സുപ്രധാന തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതാണ് പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്. വോട്ടർമാരെ ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ, തിരിച്ചെടുക്കൽ, വോട്ടർ ഡാറ്റാ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പുതിയ വോട്ടർ രജിസ്ട്രേഷനുള്ള 'ഫോം 6'-ൽ വരുത്തിയ മാറ്റങ്ങൾ എന്നിവയിലാണ് ഇരുവരും കടുത്ത എതിർപ്പറിയിച്ചത്.

അതേസമയം, കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. എസ്.ഐ.ആർ ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരുടെയും പൂർണ അനുമതിയോടെ ഐകകണ്ഠ്യേനയാണ് എടുത്തതെന്ന് കമ്മീഷൻ വ്യക്തമാക്കി. 2025-ൽ ബിഹാറിൽ തുടക്കമിട്ട് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച എസ്.ഐ.ആർ പ്രക്രിയയിലൂടെ യഥാർത്ഥ വോട്ടർമാരെ ആസൂത്രിതമായി ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആരോപിക്കുന്നുണ്ട്. എന്നാൽ, വ്യാജ വോട്ടർമാരെയും ഇരട്ട വോട്ടുകളെയും നീക്കം ചെയ്ത് വോട്ടർപട്ടിക കുറ്റമറ്റതാക്കാനാണ് നടപടിയെന്നാണ് കമ്മീഷന്റെ വിശദീകരണം.

Tags:    
News Summary - ‘Vote Chori Is Treason’: Rahul Gandhi Slams BJP, RSS and EC Amid Reports of Dissent in Poll Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.