കൊൽക്കത്ത: നാലു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന മണ്ടത്തരം തുറന്ന് സമ്മതിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജി.എസ്.ടി പിൻവലിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഈ ആശയത്തെ പിന്തുണച്ച ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ഞങ്ങളുടേതെന്നും അത് വളരെ വലിയ മണ്ടത്തരമായിപ്പോയെന്നും സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
ഇക്കാര്യം മുൻ സംസ്ഥാന ധനമന്ത്രി അമിത് മിത്ര എന്നെ ബോധ്യപ്പെടുത്തിയിരുന്നു. നികുതി വഴി പിരിച്ചെടുക്കുന്ന എല്ലാ പണവും കേന്ദ്രം കൊണ്ടുപോകുന്നു. എല്ലാ ഫണ്ടുകളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുന്നു. സംസ്ഥാനങ്ങളുടെ പിരിവ് സംസ്ഥാനങ്ങൾക്ക് തിരികെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
‘പ്രതിരോധവും അതിർത്തി കൈകാര്യകർതൃത്വവും ഒഴികെ കേന്ദ്രത്തിന് മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങളൊന്നുമില്ല. എല്ലാം സംസ്ഥാനമാണ് ചെയ്യുന്നത്. ആരോഗ്യ ഇൻഷുറൻസ് സൗജന്യമാക്കുന്നതിന്റെ പരസ്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അത് പച്ച നുണയാണ്. നമ്മുടെ സംസ്ഥാനത്ത് അതിന് നമ്മുടെ ജി.എസ്.ടി പൂളിൽ നിന്ന് 20,000 കോടി രൂപ നൽകേണ്ടി വന്നു’വെന്നും മമത പറഞ്ഞു.
2017 ജൂലൈയിൽ ആരംഭിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി), കേന്ദ്രവും സംസ്ഥാനങ്ങളും പിരിച്ചെടുത്ത മൂല്യവർധിത നികുതിക്കും വിൽപന നികുതിക്കും പകരമായാണ് കൊണ്ടുവന്നത്. വ്യത്യസ്ത നിരക്കുകളും സംസ്ഥാനത്തിന്റെ വിഹിതവും സംബന്ധിച്ച് വർഷങ്ങളായി ഇത് വിവാദങ്ങളിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയായതിനുശേഷം ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് നിർത്തലാക്കിയത് പോലുള്ള ബംഗാളിനോടുള്ള ചിറ്റമ്മ നയം, സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ ഉദാഹരണമായി മമത പലപ്പോഴും ഉദ്ദരിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ബംഗാളിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് അനുവദിക്കാൻ അടുത്തിടെ കൽക്കട്ട ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും നരേന്ദ്ര മോദി സർക്കാറിനോട് നിദേശിച്ചിരുന്നു.
സംസ്ഥാന ജി.എസ്.ടിയുടെ ഓരോ ചില്ലിക്കാശും കേന്ദ്രത്തിനാണ് പോകുന്നതെന്ന് മമത പറഞ്ഞു. ‘അവർ നമ്മളിൽ നിന്ന് ഫണ്ട് എടുക്കുന്നു. സംസ്ഥാനത്തി ന്റെ പണം സംസ്ഥാനങ്ങൾക്ക് തിരികെ നൽകാൻ അവർ ബാധ്യസ്ഥരാണെന്നും’ മമത പറയുകയുണ്ടായി.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടിയിൽ പരിഷ്കരണം പ്രഖ്യാപിച്ചപ്പോൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അതിനെ ‘ഗബ്ബാർ സിംഗ് ടാക്സ്’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.