ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ രാജ്യസഭാംഗത്വം രാജി വെച്ചു. ഇതോടെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനവും സ്വാഭാവികമായി അദ്ദേഹത്തിന് നഷ്ടമായി. ഒരാൾക്ക് ഒരു പദവിയെന്ന പാർട്ടി നയ പ്രകാരമാണ് ഖാർഗെയുടെ രാജി. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി പ്രസിഡന്റ് സ്ഥാനവും ഒരുപോലെ കൊണ്ടുനടക്കാൻ പറ്റില്ലെന്ന് ബോധ്യമായപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കസേര നിലനിർത്തിയ അശോക് ഗെഹ്ലോട്ടിന് ഖാർഗെയുടെ തീരുമാനം പ്രഹരമായി.
അതേസമയം, രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് മത്സരം തുടങ്ങി. മുൻ ധനമന്ത്രി പി. ചിദംബരം, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവരാണ് മുന്നിൽ. പാർലമെന്റ് പരിചയം കൂടുതലുള്ള ചിദംബരത്തിന് ദിഗ്വിജയ്സിങ്ങിനേക്കാൾ കൂടുതൽ സാധ്യതയുണ്ട്. പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും തെക്കേ ഇന്ത്യയിൽ നിന്നാകുന്നതിനെ എതിർക്കുന്നവരുണ്ട്. ഇക്കാരണത്താൽ ദിഗ്വിജയ്സിങ്ങിന് പ്രതിപക്ഷ നേതാവെന്ന പദവി കൂടുതൽ സാധ്യത നൽകുന്നു.
രാജസ്ഥാനിൽ കോൺഗ്രസ് ഭരണം അഞ്ചുവർഷ കാലാവധി തികക്കുമെന്ന് ഇതിനിടെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. മുഖ്യമന്ത്രി പദവിയുടെ കാര്യത്തിൽ പാർട്ടി അധ്യക്ഷ തീരുമാനമെടുക്കുമെന്ന വിശദീകരണത്തോടെ ഡൽഹിയിൽ നിന്ന് തിരിച്ചു പോയതിനു പിറകെയാണ് ഗെഹ്ലോട്ടിന്റെ പരാമർശം.
സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി പദ്ധതി ഫലിക്കാൻ പോകുന്നില്ല. അടുത്ത ബജറ്റ് വിദ്യാർഥികൾക്കും യുവാക്കൾക്കുമായി അവതരിപ്പിക്കും. ഇതിലേക്കുള്ള നിർദേശങ്ങൾ എല്ലാവരിൽ നിന്നും ക്ഷണിക്കുകയാണ്. അഞ്ചാമത്തെ ബജറ്റ് ഗെഹ്ലോട്ട് തന്നെയാണോ അവതരിപ്പിക്കുകയെന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി.
ത്രിപാഠിയുടെ പത്രിക തള്ളി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ഝാർഖണ്ഡ് മുൻമന്ത്രി കെ.എൻ. ത്രിപാഠിയുടെ പത്രിക തള്ളി. ഇതോടെ മത്സരരംഗത്ത് ഖാർഗെയും ശശി തരൂരും മാത്രമായി. പത്രിക പിൻവലിക്കാൻ ഈ മാസം എട്ടു വരെ സമയമുണ്ട്.
ആകെ 20 പത്രികകളാണ് ലഭിച്ചതെന്നും ഒപ്പുകൾ ശരിയല്ലാത്തതു കൊണ്ട് നാലെണ്ണം തള്ളിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ഖാർഗെ 14ഉം തരൂർ അഞ്ചും ത്രിപാഠി ഒന്നും പത്രികയാണ് നൽകിയത്. ത്രിപാഠിയുടെ പത്രികയിൽ ഒരു നാമനിർദേശകന്റെ ഒപ്പ് വ്യത്യസ്തമാണ്. മറ്റൊരാളുടെ ഒപ്പ് ആവർത്തിച്ചു വന്നു. തള്ളിയ മറ്റു മൂന്നു പത്രിക ആരുടേതാണെന്ന് മിസ്ത്രി പറഞ്ഞില്ല.
രണ്ടു സ്ഥാനാർഥികളാണ് മത്സരിക്കുന്നതെന്നിരിക്കെ പാർട്ടി ശൈലിയുടെ തുടർച്ച ആഗ്രഹിക്കുന്നവർക്ക് മല്ലികാർജുൻ ഖാർഗെക്കും, മാറ്റം ആഗ്രഹിക്കുന്നവർക്ക് ശശി തരൂരിനും വോട്ടു ചെയ്യാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദ് പറഞ്ഞു. ഖാർഗെക്കാണ് അദ്ദേഹത്തിന്റെ പിന്തുണ. സമവായം ഉണ്ടായാൽ നല്ലത്, അതല്ലെങ്കിൽ 17ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഖുർശിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.