ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കാണ് ക്ഷണം ലഭിച്ചത്. അതേസമയം, ഖാർഗെ ചടങ്ങിൽ പങ്കെടുക്കുമോയെന്നതിൽ വ്യക്തതയില്ല. ഇൻഡ്യ സഖ്യത്തിൽ ചർച്ച ചെയ്തതിന് ശേഷമായിരിക്കും കോൺഗ്രസ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പോകണോയെന്നതിൽ തീരുമാനമെടുക്കുക.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും അധികാരമേറ്റെടുക്കുന്ന സമയത്ത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഗുലാം നബി ആസാദ് എന്നിവരെല്ലാം കോൺഗ്രസിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ഞായറാഴ്ച വൈകീട്ട് 7.15ന് അധികാരമേൽക്കും. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ നിയുക്ത പ്രധാനമന്ത്രിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. പിന്നീട് നടക്കുന്ന മന്ത്രിസഭ വികസനത്തിലായിരിക്കും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയാകുന്ന മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അയൽരാജ്യങ്ങളുടെ ഭരണത്തലവന്മാർ അടക്കമുള്ളവർ മുഖ്യാതിഥികളായി എത്തും.
240 എം.പിമാരുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്ത 18ാം ലോക്സഭയിൽ ഘടകകക്ഷി എം.പിമാരടക്കം 293 പേരുടെ പിന്തുണയിലാണ് മോദി അധികാരമേൽക്കുന്നത്. മുന്നണി സർക്കാറിൽ ബി.ജെ.പി അജണ്ടക്ക് തടസ്സമാകുന്ന തരത്തിൽ സ്പീക്കർ പദവിയും സുപ്രധാന വകുപ്പുകളും ഘടകകക്ഷികൾക്ക് നൽകില്ലെന്നാണ് മോദിയും അമിത് ഷായും കൈക്കൊണ്ട നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.