‘ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ എല്ലാ വഴികളും തേടുന്നു’; വോട്ട് മോഷണത്തിനെതിരെ 'ദില്ലി ചലോ' മാർച്ച് പ്രഖ്യാപിച്ച് ഖാർഗെ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകളും വോട്ട് മോഷണവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ സർവ്വ ശക്തിയും ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ 'വ്യാപാര രഹസ്യം' എന്ന കാരണം ചൂണ്ടിക്കാട്ടി വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വിമർശനം.

വോട്ട് മോഷണത്തിനെതിരെ നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ജനകീയ റാലിയിലേക്കും 'ദില്ലി ചലോ' മാർച്ചിയിലേക്കും അണിനിരക്കാൻ ജനങ്ങളോട് ഖാർഗെ ആഹ്വാനം ചെയ്തു. ഈ പോരാട്ടം കേവലം വോട്ടുകൾ സംരക്ഷിക്കാൻ മാത്രമുള്ളതല്ലെന്നും, രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ വോട്ടർ പട്ടിക പുതുക്കലിൽ വലിയ തോതിലുള്ള അട്ടിമറികളാണ് നടന്നിട്ടുള്ളതെന്ന് ഖാർഗെ ആരോപിച്ചു. സംസ്ഥാനത്ത് പുതിയ വോട്ടർമാർക്കായി സമർപ്പിക്കപ്പെട്ട 16.18 ലക്ഷം ഫോം 6 അപേക്ഷകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കിയിട്ടില്ല. പിലിഭിത്തിൽ മാത്രം 10,470 വോട്ടർമാരുടെ വിവരങ്ങളിൽ വൻ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള ഫോം 6, 7, 8 അപേക്ഷകളിൽ സമഗ്രമായ അന്വേഷണം നടത്താൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ പ്രധാന ആവശ്യങ്ങളായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജിയും, അദ്ദേഹത്തിന് നിയമപരിരക്ഷ നൽകുന്ന 2023ലെ വിവാദ നിയമം റദ്ദാക്കലും ഖാർഗെ മുന്നോട്ടുവെച്ചു. കൂടാതെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്നും, പട്ടികയിൽ നിന്ന് അനധികൃതമായി നീക്കം ചെയ്ത യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പർ ഉപയോഗിച്ച് മാത്രം നടത്തണമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന ആവശ്യം.

വോട്ടർ പട്ടിക തിരുത്തലിനായി ഉപയോഗിക്കുന്ന 'ഇസിനെറ്റ്' സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർച്ചയായി മറച്ചുവെക്കുകയാണെന്ന് കഴിഞ്ഞ ദിവസവും കോൺഗ്രസ് ആരോപിച്ചിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ രാജ്യവ്യാപകമായി നടന്ന കേന്ദ്രീകൃത കൃത്രിമത്വങ്ങളും തിരിമറികളും പുറത്തുവരാതിരിക്കാനാണ് കമീഷൻ വിവരങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും അശ്ലീലവുമാ‍യ പരാമർശം നടത്തിയെന്നാരോപിച്ച് ഖാർഗെക്കെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുണ്ട്. ഖാർഗെ പരസ്യമായി മാപ്പ് പറയണമെന്നും കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി ​പ്രതിഷേധം നടത്തുന്നത്.

Tags:    
News Summary - Modi govt using every possible trick to protect Gyanesh Kumar: Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.