100 കോടി രൂപയുടെ സ്കൂൾ അനുമതി തട്ടിപ്പ്: ഡി.എം.കെ മുൻമന്ത്രി അൻബിൽ മഹേഷ് അറസ്റ്റിൽ
ചെന്നൈ: സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസും മറ്റ് സർക്കാർ അനുമതികളും ലഭ്യമാക്കുന്നതിനായി പണം വാങ്ങിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഏകദേശം100 കോടിയുടെ അഴിമതി നടന്നതായാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
സർക്കാർ അനുമതികൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 177 സ്വകാര്യ സ്കൂളുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
അന്വേഷണത്തിനിടെ ലഭിച്ച ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ മൊഴികളും മഹേഷിന്റെ അഴിമതിയിലും വിശ്വാസവഞ്ചനയിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നതായി അന്വേഷണ സംഘം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പൊലീസ് ചുമത്തിയത്.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മഹേഷ് നിഷേധിച്ചു. കേസിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. അറസ്റ്റിന് മുൻപ് മഹേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്.
അതെസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് ഹൈകോടതിയിൽ പ്രത്യേക ഹരജി സമർപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രതികരണവുമായി ഡി.എം.കെയും രംഗത്തെത്തി. സംഭവത്തിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.