ന്യൂഡൽഹി: മാലേഗാവ് സ്ഫോടനകേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ലഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി പ്രമോഷൻ. കേണലായ പുരോഹിതിന് ആശംസകൾ അറിയിച്ച് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി ഗിരിരാജ സിങ് തന്നെ രംഗത്തെത്തി. വീണ്ടും കേണലിനെ യൂനിഫോമിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാജ്യത്തിന് വേണ്ടി ധൈര്യപൂർവം സേവനം ചെയ്യുന്നവർക്കൊപ്പം കേന്ദ്രസർക്കാർ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ എക്സിലെ കുറിപ്പ്.
2008ൽ നടന്ന മാലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പുരോഹിതിനെ പ്രത്യേക എൻ.ഐ.എ കോടതി ജൂലൈ 31ന് വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി നടപടി. 2008 സെപ്തംബർ 29നാണ് മാലേഗാവിൽ സ്ഫോടനമുണ്ടാവുന്നത്. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന ഒരു ഓഫീസർ സ്ഫോടനകേസിൽ അറസ്റ്റിലാവുന്ന ആദ്യ സംഭവമായിരുന്നു ഇത്. ജമ്മുകശ്മീരിൽ സൈന്യത്തിന്റെ തീവ്രാദവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചയാൾ തന്നെ തീവ്രാദകേസിൽ അറസ്റ്റിലായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ തന്നെ പുരോഹിത് സൈന്യത്തിൽ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുരോഹിതിന് ഇപ്പോൾ പ്രൊമോഷനും നൽകിയിരിക്കുന്നത്. എന്നാൽ, അടുത്ത വർഷം തന്നെ 54 വയസ്സ് പൂർത്തിയാക്കി പുരോഹിത് പദവിയിൽ നിന്നും വിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.