‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടുവെങ്കിൽ എന്തുകൊണ്ട് കേസിൽ സാക്ഷിയായില്ല, എല്ലാവർക്കും അപ്പീൽ നൽകാൻ തുറന്നുവെച്ച ഗേറ്റ് അല്ല കോടതി'; മലേഗാവ് സ്ഫോടനക്കേസ് അപ്പീൽ ഹരജിയിൽ ബോംബെ ഹൈകോടതി

മുംബൈ: 2008​ലെ മലേഗാവ് സ്ഫോടനക്കേസിൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുർ ഉൾപ്പെടെ ഏഴ് പ്രതികളെയും വെറുതെവിട്ട എൻ.ഐ.എ കോടതി വിധിക്കെതിരായ അപ്പീൽ ഹരജി പരിഗണിക്കവെ ബോംബെ ഹൈകോടതി ബെഞ്ചിൽനിന്ന് വിചിത്രമായ പ്രതികരണം. കോടതി വിധിക്കെതിരെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ആറ് ബന്ധുക്കളാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

എന്നാൽ, ഹരജിക്കാർ എൻ.ഐ.എ കോടതിയിൽ വിചാരണവേളയിൽ സാക്ഷികളായി ഹാജരായിരുന്നുവോ എന്നാണ് ചീഫ് ജസ്റ്റിസ് ശ്രീച​ന്ദ്രശേഖർ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. വിചാരണവേളയിൽ സാക്ഷികളായി ഹാജരാകാത്തവർ എന്തിനാണ് അപ്പീൽ നൽകിയതെന്നും എല്ലാവർക്കും അപ്പീൽ നൽകാനായി തുറന്നുവെച്ച ​ഗേറ്റ് അല്ല ഹൈകോടതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ഫോടനത്തിൽ മകൻ കൊല്ലപ്പെട്ട നിസാർ അഹമ്മദ് ആയിരുന്നു ഹരജിക്കാരിൽ ഒരാൾ. ‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടുവെങ്കിൽ തീർച്ചയായും നിങ്ങൾ കേസിൽ സാക്ഷിയാകേണ്ട ആളായിരുന്നു. അതുണ്ടായോ?’ എന്നായിരുന്നു നിസാർ അഹമ്മദിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഇല്ലെന്ന് മറുപടി നൽകിയതോടെയാണ് ക്ഷുഭിതനായ ജഡ്ജി ‘തുറന്നുവെച്ച ഗേറ്റ്’ പരാമർശം നടത്തിയത്. എന്തുകൊണ്ട് സാക്ഷിയായില്ലെന്നതിന്റെ വിശദീകരണം അടുത്ത ദിവസം കോടതിയെ ബോധിപ്പിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന്, വാദം കേൾക്കാനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. എൻ.ഐ.എ കോടതി വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കഴിഞ്ഞയാഴ്ചയാണ് ബോംബെ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

ജൂലൈ 31നാണ് പ്രത്യേക എൻ.ഐ.എ കോടതി മലേഗാവ് കേസിൽ മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി വിധി പറഞ്ഞത്. 2008 സെപ്റ്റംബർ 29ന് ചെറിയ പെരുന്നാൽ തലേന്ന് നടന്ന സ്ഫോടനത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ഘട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ​പ്രജ്ഞ സിങ്, കേണൽ പുരോഹിത് തുടങ്ങിയവരുടെ പങ്ക് കണ്ടെത്തിയിരുന്നു. 2011ൽ കേസ് എൻ.ഐ.എക്ക് കൈമാറി. സ്ഫോടനത്തിൽ പ്രതികളുടെ പങ്കിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഏഴ് പേരെയും വെറുതെ വിട്ടത്. എൻ.ഐ.എ അന്വേഷണത്തിലെ ഒട്ടേറെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് നിസാർ അഹമ്മദ് ഉൾപ്പെടെയുള്ളവർ ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.  

Tags:    
News Summary - Malegaon blast: Bombay High Court on appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.