മുഹമ്മദ് അമീൻ
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയതിനെത്തുടർന്ന് ഡൽഹിയിൽ തടവിൽ കഴിയുകയായിരുന്ന മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. എൻ.ഐ.എ ഒന്നര വർഷം മുമ്പ് അറസ്റ്റ് ചെയ്ത മലപ്പുറം മങ്കട കടന്നമണ്ണ കാത്തൊടി ഹൗസിൽ കെ. മുഹമ്മദ് അമീനാണ് (29) ദിൽഷാദ് ഗാർഡൻ ജി.ടി.ബി ആശുപത്രിയിൽ മരിച്ചത്.
ഐ.എസിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, മറ്റുള്ളവരെ തീവ്രവാദവത്കരിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് 2021 മാർച്ച് 15നാണ് അമീനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ പറഞ്ഞു. തിഹാറിന്റെ അനുബന്ധമായുള്ള മണ്ടോളി ജയിലിൽനിന്ന് ഛർദിയും തലവേദനയും ഉണ്ടെന്നുപറഞ്ഞ് അമീനെ ഡൽഹി ദിൽഷാദ് ഗാർഡൻ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന കാര്യം രണ്ടുദിവസം മുമ്പാണ് അറിഞ്ഞതെന്ന് അഭിഭാഷകൻ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡിസ്ചാർജ് ചെയ്ത വിവരം അമീൻ തന്നെയാണ് ഫോൺ ചെയ്ത് അറിയിച്ചത്. ഇതിനുമുമ്പ് ജയിലിൽ അമീന് ഒരു തരത്തിലുള്ള രോഗവുമുണ്ടായിട്ടില്ല. അടുത്ത ചൊവ്വാഴ്ച ഡൽഹി പട്യാല ഹൗസ് കോടതിയിൽ വിചാരണക്കായി വരുമ്പോൾ നേരിൽ കാണാമെന്ന് അമീൻ പറഞ്ഞിരുന്നു. ശബ്ദം കേട്ടപ്പോൾ വളരെ ആരോഗ്യവാനായാണ് തോന്നിയത്. എന്നാൽ, അതേ ബാരക്കിലെ സഹതടവുകാരൻ വെള്ളിയാഴ്ച കോടതിയിൽ വന്നപ്പോഴാണ് വീണ്ടും അമീനെ ആശുപത്രിയിലാക്കിയ വിവരം അറിയിച്ചത്.
തുടർന്ന് ഫലപ്രദമായ ചികിത്സക്ക് അപേക്ഷ നൽകുകയും വെള്ളിയാഴ്ച കോടതി അതിന് ഉത്തരവിടുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് അതിനുമുമ്പേ അമീനെ ജി.ടി.ബിയിൽ വീണ്ടും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച മരിച്ച വിവരം ലഭിച്ചുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.