മലയാളം മിഷൻ സ്കൂളുകളിലേക്കും; പൈലറ്റ് പദ്ധതി ബംഗളൂരുവിൽ

ബംഗളൂരു: പ്രവാസലോകത്ത് മലയാള ഭാഷയെ കുട്ടികളിൽ പരിചയപ്പെടുത്താൻ കേരള സാംസ്കാരിക വകുപ്പ് രൂപീകരിച്ച മലയാളം മിഷൻ പുതിയ പ്രവർത്തന കാലയളവിൽ ഒരു ചുവടുകൂടി മുന്നോട്ടുവെക്കുന്നു. നിലവിൽ മലയാളി സംഘടനകളുമായും മലയാളി കൂട്ടായ്മകളുമായും മലയാളി ക്ലബ്ബുകളുമായും ചേർന്ന് പ്രവർത്തിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ മാതൃകയിൽ പ്രവാസനാടുകളിലെ സ്കൂളുകളിൽ 'മലയാളം മിഷൻ ക്ലബ്ബ്' ആരംഭിക്കും. ഇതിന്റെ പൈലറ്റ് പദ്ധതിക്ക് ബംഗളൂരുവിൽ തുടക്കമിടും. ഇന്ദിര നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലാണ് ആദ്യം ക്ലബ്ബിന് തുടക്കമിടുക. ഇതേ മാതൃകയിൽ മലയാളം മിഷൻ മുൻകൈയെടുത്ത് ബംഗളൂരുവിലെ മറ്റു സ്കൂളുകളിലും ക്ലബ്ബ് രൂപവത്കരിക്കും. സ്കൂളുകളിൽ 'മലയാളം മിഷൻ ക്ലബ്ബ്' എന്ന ആശയത്തെ സർവാത്മനാ കർണാടക ചാപ്റ്റർ ഏറ്റെടുക്കുകയാണെന്ന് കോഓഡിനേറ്റർ ബിലു സി. നാരായണൻ പ്രതികരിച്ചു.

'മലയാളം മിഷൻ ക്ലബ്ബ്' എന്ന ആശയത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്ദിര നഗർ ഇ.സി.എ ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മുരുകൻ കാട്ടാക്കട പറഞ്ഞു. പരിസ്ഥിതി ക്ലബ്, സാഹിത്യ ക്ലബ് തുടങ്ങിയവ പോലെയാണ് മലയാളം മിഷന്‍ ക്ലബുകളും സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുക. മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർക്കും ഇതര ഭാഷാവിദ്യാർഥികൾക്കും മലയാളംമിഷൻ ക്ലബ്ബിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. ആദ്യഘട്ടത്തില്‍ കേരളത്തിന് പുറത്താണ് പ്രവര്‍ത്തനം തുടങ്ങുകയെങ്കിലും പിന്നീട് കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പെങ്ങുമില്ലാത്ത വിധം പ്രവാസികള്‍ക്ക് മലയാള ഭാഷ പഠിക്കാനുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണ്. മാതൃഭാഷയെ ഗൗരവതരമായി നിലനിർത്താൻ ബോധപൂർവമായ ശ്രമം നടത്തുന്നത് പ്രവാസ കേരള സമൂഹമാണ്. കേരളത്തിൽ അത്തരത്തിലുള്ള ശ്രമം നടക്കുന്നില്ല. സ്വന്തം പേരുപോലും മലയാളത്തിൽ ​നേരെ എഴുതാനറിയാത്ത കുഞ്ഞുങ്ങളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നു. ഇത്തരമൊരു ​പ്രതിസന്ധിയിലാണ് മലയാളം മിഷന്റെ പ്രാധാന്യം നിലനിൽക്കുന്നത്. ഈ മിഷൻ കേരളത്തിനകത്തും തുടങ്ങേണ്ടതുണ്ട്. പ്രവാസലോകത്തുള്ളതുപോലെയോ അതിനേക്കാൾ കൂടുതലോ ആണ് കേരളത്തിൽ കുഞ്ഞുങ്ങൾക്കിടയിലെ മലയാള നിരക്ഷരത. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഇതിന് ബദൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് അവരവരുടെ മുറികളിൽ ഒറ്റപ്പെട്ടുപോവുകയും പല സാ​ങ്കേതിക വിദ്യകളുടെ സാധ്യതകളിലേക്ക് ചിന്താമണ്ഡലം വ്യാപരിക്കുകയും ചെയ്ത കുട്ടികളെ തിരിച്ച് മലയാളം മിഷൻ ക്ലാസുകളിലേക്ക് കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. ഓൺലൈൻ ക്ലാസുകളെ മാറ്റി ഓഫ്‍ലൈൻ ക്ലാസുകൾ സജീവമാക്കുക എന്നതാണ് മലയാളം മിഷൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളിലൊന്ന്. ഇതിന്റെ ഭാഗമായി കേരളവും കേരളത്തിലെ ജീവിതരീതിയും മനസിലാക്കാന്‍ കഴിയുന്നവിധം മറുനാട്ടിലെ മലയാളം മിഷന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള യുവാക്കളെ കണ്ടെത്തി അധ്യാപക പൂള്‍ തയ്യാറാക്കാനും മലയാളം മിഷന് പദ്ധതിയുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഈ അധ്യാപകര്‍ വിവിധ പഠന കേന്ദ്രങ്ങളിലെത്തി അവിടത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠന സഹായങ്ങള്‍ നല്‍കും. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ബംഗളൂരുവിലെ മലയാളം മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതി- മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിക്കാനും മലയാളം മിഷന് കഴിഞ്ഞു. ബംഗളൂരുവിൽ കേരള ഹൗസ് മാതൃകയിൽ മലയാളികൾക്കായി പ്രത്യേക കേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

Tags:    
News Summary - Malayalam Mission to Schools; Pilot project in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.