മഹുവ മൊയ്ത്ര രാഷ്ട്രീയപ്രതികാരത്തിന്റെ ഇര; എങ്ങനെ പോരാടണമെന്ന് അവർക്കറിയാം -അഭിഷേക് ബാനർജി

കൊൽക്കത്ത: പാർലമെന്റിലെ ചോദ്യക്കോഴ്ച വിവാദത്തിൽ മഹുവ മൊയ്ത്ര എം.പിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. രാഷ്ട്രീയക്കളികളുടെ ഇരയാണ് മഹുവ മൊയ്ത്രയെന്ന് പറഞ്ഞ അഭിഷേക് അവർ ഒരു തീപ്പൊരി നേതാവാണെന്നും എങ്ങനെ പോരാടണമെന്ന് അവർക്കറിയാമെന്നും വ്യക്തമാക്കി.

​''ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുകയാണ്. കേന്ദ്രസർക്കാരിന്റെ നീക്കവും എത്തിക്സ് കമ്മിറ്റി ​റി​പ്പോർട്ടും വായിച്ചാൽ ആർക്കുമത് മനസിലാകും. മഹുവക്കെതിരെ അന്വേഷണമുണ്ടാകുമെന്നാണ് അവർ പറയുന്നത്. നിങ്ങൾക്ക് മഹുവക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ അവിടെ അന്വേഷണം വരുന്നു. മഹുവക്ക് സ്വന്തംനിലക്ക് തന്നെ പൊരുതാനുള്ള കഴിവുണ്ട്. നാലുവർഷമായി അവരുടെ ബി.ജെ.പിയുടെ പ്രതികാരത്തിന്റെ ഇരയാണ് ഞാനും. അതാണ് അവരുടെ സ്റ്റാൻഡേർഡ്.''-അഭിഷേക് ബാനർജി പറഞ്ഞു.

മഹുവക്കെതിരായ ആരോപണത്തിൽ ആദ്യമായാണ് അഭിഷേക് ബാനർജി പ്രതികരിക്കുന്നത്. ആരോപണമുയർന്നപ്പോൾ തൃണമൂൽ നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. കേന്ദ്രസർക്കാർ സി.ബി.ഐയേയും ഇ.ഡിയെയും രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധമാക്കി മാറ്റിയെന്ന് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. പാർലമെന്റ് തലത്തിലുള്ള അന്വേഷണം പൂർത്തിയായ ഉടൻ മഹുവക്കെതിരായ ആരോപണത്തിൽ നടപടി സ്വീകരിക്കുമെന്നാണ് കഴിഞ്ഞ മാസം തൃണമൂൽ കോൺഗ്രസ് നേതാവ് ദെരീക് ഒബ്രിയൻ പ്രതികരിച്ചത്.

പ്രധാനമന്ത്രിക്കും ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു.

ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എം.പിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Mahua Moitra victim of politics, can fight on her own says Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.