ന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാൻ എന്താണ് അധികാരമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിഷയത്തിൽ വിശദീകരണം തേടി വിളിപ്പിച്ച കമ്മിറ്റിയിൽ അവമതിക്കുന്ന ചോദ്യങ്ങളാണ് ഉയർന്നത്. ഇതിനെതിരെ ലോക്സഭ സ്പീക്കറെ സമീപിച്ചിട്ടുണ്ടെന്നും മഹുവ പറഞ്ഞു.
വ്യക്തിപരമായ ചോദ്യങ്ങൾ വന്നപ്പോൾ താൻ പ്രതിഷേധിച്ചു. അതിനോട് കമ്മിറ്റിയിലെ അഞ്ചു പ്രതിപക്ഷ അംഗങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ചെയർമാന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി. സഭാ സമിതി യോഗങ്ങളിൽ നടക്കുന്നത് പുറത്തുപറയരുതെന്നാണ് ചട്ടം. എന്നാൽ, പാഞ്ചാലിയുടെ വസ്ത്രാക്ഷേപമെന്ന പോലത്തെ സ്ഥിതി നേരിടേണ്ടിവന്നാൽ പുറത്തുപറയാതിരിക്കാനാവില്ല. സദാചാരം ഉറപ്പാക്കേണ്ട കമ്മിറ്റിയാണ് ഇങ്ങനെ പെരുമാറിയത്.
മുൻകൂട്ടി തയാറാക്കിയ തിരക്കഥയുമായാണ് ചെയർമാൻ യോഗത്തിലേക്ക് വന്നത്. പ്രസക്തമായ ചോദ്യങ്ങളല്ല ഉണ്ടായത്. രാത്രിയിൽ ആരോടാണ് സംസാരിക്കാറുള്ളത്, എത്ര തവണ, അതിന്റെ വിശദാംശങ്ങൾ, ഒരാളുമായി ഹോട്ടലിൽ പോയിട്ടുണ്ടോ, അവിടെ തങ്ങിയിട്ടുണ്ടോ എന്നിങ്ങനെ പോയി ചോദ്യങ്ങൾ. ചെയർമാനാണ് ചോദിച്ചത്. സമിതിയിലെ മറ്റു ബി.ജെ.പി അംഗങ്ങളൊന്നും ചോദ്യം ഉന്നയിച്ചില്ല.
ചോദ്യക്കോഴയെക്കുറിച്ച് അന്വേഷിക്കുന്ന സമിതി, താൻ ക്രമവിരുദ്ധമായി എന്തെല്ലാം ചെയ്തുവെന്നാണ് അന്വേഷിക്കേണ്ടത്. തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങളല്ല.
ലോക്സഭ വെബ്സൈറ്റിന്റെ ലോഗിൻ ഐ.ഡിയും പാസ്വേർഡും പ്രവർത്തന സൗകര്യത്തിന് മറ്റൊരാൾക്ക് കൊടുക്കാത്ത എം.പിമാർ ആരെങ്കിലുമുണ്ടോ എന്ന് മഹുവ സംശയം പ്രകടിപ്പിച്ചു.
ബി.ജെ.പി എം.പി കൂടിയായ എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കറിനെതിരെ മഹുവ മൊയ്ത്ര സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്മേൽ തുടർനടപടികളായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.