യുവാക്കളെ കേന്ദ്രസര്‍ക്കാർ ഭയക്കുന്നു; കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിയതിൽ പ്രതികരിച്ച് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ആക്ഷേപഹാസ്യ സോഷ്യൽ മീഡിയ പേജായ "കോക്രോച്ച് ജനതാ പാർട്ടി"യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചതിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കേന്ദ്രം വിയോജിപ്പുകൾ അടിച്ചമർത്തുകയാണെന്ന് മഹുവ ആരോപിച്ചു. "ഫാഷിസം ജനാധിപത്യമല്ല. നമ്മുടെ സർക്കാർ ഈ രാജ്യത്തെ യുവാക്കളെ വളരെയധികം ഭയപ്പെടുന്നു, ഒരു വെർച്വൽ ഓൺലൈൻ പ്രസ്ഥാനം പോലും സഹിക്കാൻ കഴിയില്ല. പ്രതിപക്ഷത്തുള്ള നമ്മൾ ദിവസേന എന്തെല്ലാം സാധ്യതകളാണ് നേരിടുന്നതെന്ന് ദയവായി മനസ്സിലാക്കുക". അവർ എക്സിൽ കുറിച്ചു. നേരത്തേ തന്നെ മഹുവ മൊയ്ത്രയും ടി.എം.സി നേതാവായ കീർത്തി ആസാദും സി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു.

അക്കൗണ്ട് പൂട്ടിയതിനെതിരെ കോൺഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. അക്കൗണ്ട് പൂട്ടിയത് വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമായ പ്രവൃത്തിയാണെന്നാണ് കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞത്.

സർക്കാരിൽ യുവാക്കൾക്കുള്ള അതൃപ്തിയാണ് കോക്രോച്ച് ജനതാ പാർട്ടി വെളിപ്പെടുത്തുന്നത്. പ്രതിപക്ഷത്തിന് മുന്നിൽ അവസരമുണ്ടെന്ന് അവർ കാണിച്ചുതന്നു. സർക്കാരിനോടുള്ള ഈ അതൃപ്തിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും ബാലറ്റ് പെട്ടിയിലേക്കും തിരിച്ചുവിടുക എന്നതാണ് പ്രതിപക്ഷത്തിന്റെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.സി.ജെ.പി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസം മാത്രമല്ല. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയാണ് അതിൽ പ്രതിഫലിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പെട്ടെന്നുള്ള ഉയർച്ച തന്നെ ആശ്ചര്യപ്പെടുത്തി എന്നും അദ്ദേഹം എക്സിൽ കുറിച്ചു. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ബുധനാഴ്ച ഇന്ത്യയിൽ തടഞ്ഞുവച്ചു.

"യുവാക്കളുടെ നിരാശ എനിക്ക് മനസ്സിലാകും, എന്തുകൊണ്ടാണ് അവർ അതിൽ പ്രതികരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് എക്സിലെ അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നത് വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമാകുന്നത്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു വഴി ഉണ്ടായിരിക്കണം. അതിനാൽ, സി.ജെ.പിയുടെ അക്കൗണ്ട് പൂട്ടുന്നതിന് പകരം അത് പ്രവർത്തിക്കട്ടെ!" തരൂർ എക്സിൽ കുറിച്ചു. ജനാധിപത്യത്തിന് വിയോജിപ്പ്, നർമ്മം, ആക്ഷേപഹാസ്യം, നിരാശ എന്നിവയ്ക്കുള്ള വഴികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ തരൂർ, അത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിടാൻ അണിയറശിൽപ്പികൾ വഴി കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ലഭിച്ച സമൂഹമാധ്യമ കൂട്ടായ്മയാണ് സി.ജെ.പി. ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ ഫോളോവേഴ്സിന്റെ എണ്ണം മറികടന്നതോടെ കോക്രോച്ച് ജനതാ പാർട്ടി എന്ന പേജ് എക്സിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഉടനെ, മറ്റൊരു അക്കൗണ്ട് പ്രത്യക്ഷപ്പെടുകയും അതിനും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ഫോളോവേഴ്സ് നിറയുകയും ചെയ്തു. ഇത്തരത്തിൽ വലിയ ജനശ്രദ്ധ നേടിനിൽക്കുന്ന പശ്ചാത്തലത്തിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിന്റെ നിയമപരമായ അവകാശത്തിനായി അപേക്ഷ നൽകുകയും ചെയ്തു. സി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. സി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും ഉടൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇത് സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Tags:    
News Summary - Mahua Moitra on Cockroach Janata Party X block: Centre accused of stifling dissent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.