ജന്തർ മന്തറിൽ നിന്ന് ഡൽഹി പൊലീസ് പിടിച്ചുകൊണ്ടുപോയ ആനിരാജയും മൈമൂനയും ഡൽഹി അതിർത്തിയായ കാപസ്ഹേഡ പൊലീസ് സ്റ്റേഷനിൽ. ഐക്യദാർഢ്യവുമായെത്തിയ ശബ്നം ഹാശ്മിയും മറ്റു ആക്ടിവിസ്റ്റുകളും പിറകിൽ
ന്യൂഡൽഹി: വരുന്നവരെയെല്ലാം പിടിച്ചുകൊണ്ടുപോയി ഡൽഹി അതിർത്തികളിലെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കരുതൽ തങ്കലിലാക്കിയ ശേഷമാണ് സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വനിതാ ഗുസ്തി താരങ്ങളെ മനുഷ്യത്വ രഹിതമായി ബലം പ്രയോഗിച്ച് ജന്തർ മന്തറിൽ നിന്ന് എടുത്തുമാറ്റിയതെന്ന് മലയാളി ആക്ടിവിസ്റ്റും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറിയുമായ ആനി രാജ.
ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്തിന് പിന്തുണയർപ്പിച്ച് ജന്തർ മന്തറിലേക്ക് പോകുകയായിരുന്ന തങ്ങളെ പിടികൂടാൻ ആദ്യമെത്തിയത് പുരുഷ പൊലീസുകാരായിരുന്നുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് അവർ വനിതാ പൊലീസുമായെത്തിയതെന്നും ആനിരാജ ‘മാധ്യമ’ത്തോടു പറഞ്ഞു. ആനി രാജയടക്കമുള്ളവരെ രാവിലെ പിടികൂടി ഡൽഹി അതിർത്തിയായ കാപസ്ഹേഡയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വൈകും വരെ അവിടെ കരുതൽ തടങ്കലിലാക്കി.
രാവിലെ 9.30ന് പട്ടേൽ ചൗക്കിൽ നിന്നും ജന്തർ മന്തറിലേക്കുള്ള പ്രവേശന മാർഗം ബാരിക്കേഡ് നിരത്തി തടഞ്ഞതിനാൽ റഫി മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിൽ നിന്ന് പാർലമെന്റ് സ്ട്രീറ്റ് വഴി നടന്നുപോകുകയായിരുന്നു താനെന്ന് ആനി രാജ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് മൈമൂനയുമുണ്ടായിരുന്നു. വൈ.ഡബ്ല്യു.സി.എക്ക് മുന്നിലെത്തിയപ്പോഴേക്കും പുരുഷ പൊലീസുകാർ തങ്ങളെ വളഞ്ഞു.
കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റാൻ തുനിഞ്ഞപ്പോൾ സ്ത്രീകളാണെന്നും തൊടാൻ പറ്റില്ലെന്നും പറഞ്ഞു. തുടർന്ന് ജന്തർ മന്തറിൽ വിന്യസിച്ച വനിതാ പൊലീസുകാരെ വിളിച്ചുവരുത്തി തന്നെയും മൈമൂനയെയും ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആദ്യ ഡൽഹി വിമാനത്താളവത്തിന്റെ പരിസരത്തേക്ക് കൊണ്ടുപോയ തങ്ങളെ പിന്നീട് മുകളിൽ നിന്ന് നിർദേശം ലഭിച്ചത് പ്രകാരമാണ് കാപസ്ഹേഡ അതിർത്തിയിലെ പൊലീസ് സറ്റേഷനിലേക്ക് മാറ്റയത്. മഹിളാ പഞ്ചായത്തിൽ പങ്കെടുക്കാൻ പോയ ഖാപ് പഞ്ചായത്തുകാരായ 20ലേറെ പേരെയും അതേ സ്റ്റേഷനിലേക്ക് പിന്നെ കൊണ്ടുവന്നു. പാർലമെന്റ് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞിട്ടും വിട്ടയക്കാത്തതെന്താണെന്ന് ചോദിച്ചപ്പോൾ വൈകീട്ട് ഏഴ് മണി വരെ സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വെക്കാനാണ് ഉത്തരവ് എന്നാണ് മറുപടി ലഭിച്ചത്.
ജന്തർ മന്തറിലേക്ക് വരുന്നവരെയെല്ലാം ഇത് പോലെ പിടിച്ചുകൊണ്ടുപോയി ഡൽഹിയുടെ അതിർത്തികളിലോ സെൻട്രൽ ഡൽഹിയിൽ നിന്ന് ഏറെ അകലെയോ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ കരുതൽ തടങ്കലിലാക്കി. മറ്റൊരു വനിതാ നേതാവായ സുഭാഷിണി അലിയെയും നിരവധി പേരെയും പിടികൂടി ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചതെന്നും ആനി രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.