പ്രതീകാത്മക ചിത്രം
മുംബൈ/ചെന്നൈ: കൂടുതൽ കൊഴുപ്പും പഞ്ചസാരയുടെ സാന്നിധ്യവുമുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്ക് സ്കൂൾ പരിസരത്ത് നിരോധനം ഏർപ്പെടുത്തി മഹാരാഷ്‌ട്ര. സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിലാണ് സംസ്കരിച്ച് പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും ശീതളപാനിയൾക്കുമാണ് നിരോധനം.
ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും ചേർത്ത പാനീയങ്ങളുടെയും വിൽപനയാണ് വിലക്കിയതെന്ന് ഭക്ഷ്യ കമീഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ ഇവ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുന്നവർക്കും ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്.
സ്റ്റിങ് എനർജി ഡ്രിങ്കും മറ്റ് ലഹരി വസ്തുക്കളും സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ വിൽക്കുന്നത് നിരോധിക്കുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. സ്റ്റിങ്ങിൽ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ കുട്ടികൾക്ക് നല്ലതല്ലെന്ന് കണ്ടെത്തിയ സാഹചര‍്യത്തിലായിരുന്നു നടപടി. സ്കൂൾ കുട്ടികളിൽ എനർജി ഡ്രിങ്കുകളുടെ ആഘാതങ്ങളെ പറ്റിയുള്ള ആശങ്കകൾക്കിടയിലാണ് സ്റ്റിങ് നിരോധിക്കാൻ ഒരുങ്ങുന്നതെന്നും മന്ത്രി നർഹരി സിർവാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബി.ജെ.പി എം.എൽ.എ വിക്രം പച്ച്പ‍്യൂട്ടാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ചോദ‍്യം ഉന്നയിച്ചത്. എനർജി ഡ്രിങ്കുകളുടെ ഉപയോഗം മൂലം വിദ‍്യാർഥികൾക്കുണ്ടാകുന്ന ആരോഗ‍്യ പ്രശ്നങ്ങളെ പറ്റി സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
അതിനിടെ, തമിഴ്നാട്ടിൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകുന്നത് സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്. തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹനാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി മെനു പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പി.എം പോഷൺ (ഉച്ചഭക്ഷണം) പദ്ധതിക്കു കീഴിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും ആഴ്ചയിൽ അഞ്ചു ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.