ബിജെപി എംഎൽഎയുമായി ബന്ധമുള്ള കമ്പനി ഭൂമി കയ്യേറി; മോദിക്കു മുന്നിൽ നീതിതേടി ആ പഴയ കൂട്ടുകാരൻ
ഗാന്ധിനഗർ: ഗുജറാത്തിലെ വദനഗറിലെ ഒരേ വിദ്യാലയത്തിൽ നരേന്ദ്ര മോദിയുമൊത്ത് പഠിച്ച 81 കാരനായ അസ്ഗർഭായ് വോറ, താൻ നേരിടുന്ന 15 വർഷം നീണ്ട ഭൂമിതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ഗാന്ധിനഗറിൽ താമസിക്കുന്ന അസ്ഗർഭായ് വോറ, രാജ്യത്തെ നയിക്കുന്ന വലിയ ഉത്തരവാദിത്തമുള്ളതിനാൽ ഈ ചെറിയ പ്രശ്നവുമായി മോഡിയെ സമീപിക്കാൻ ആദ്യം തയ്യാറായിരുന്നില്ല.
എന്നാൽ, ഏതാനും മാസം മുമ്പ് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ പ്രതിസന്ധി അറിയിക്കുകയും കൂടിക്കാഴ്ചക്ക് അനുമതി തേടുകയുമായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളി വരികയും, സെപ്റ്റംബർ എട്ടിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിയെ കാണാൻ നിർദ്ദേശം ലഭിക്കുകയും ചെയ്തു.
ഗാന്ധിനഗറിൽ നിന്ന് മുംബൈയിലെത്തിയ വോറ പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു. ഭയന്ദർ ഈസ്റ്റിലുള്ള തന്റെ 2,810 ചതുരശ്ര മീറ്റർ ഭൂമി രണ്ട് ബിൽഡർമാർ ചേർന്ന് കയ്യേറിയെന്നും, സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദി തന്നെ സ്നേഹത്തോടെ സ്വീകരിക്കുകയും പ്രശ്നം പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായും ‘ഹിന്ദുസ്ഥാൻ ടൈംസി’ന് നൽകിയ അഭിമുഖത്തിൽ വോറ പറഞ്ഞു. ഏകദേശം 37 വർഷം മുമ്പ് താൻ വാങ്ങിയ ഈ ഭൂമി 2011ലാണ് കയ്യേറിയതെന്നും അന്ന് മുതൽ താൻ ഇതിനായി നിയമപോരാട്ടം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭയന്ദർ ഈസ്റ്റ് നവ്ഘർ റോഡിൽ 2,810 ചതുരശ്ര മീറ്റർ ഭൂമി 1989ൽ രജിസ്ട്രേഡ് കരാർ പ്രകാരം വാങ്ങിയതാണെന്ന് പൊലീസിനും മീര ഭയന്ദർ മുൻസിപ്പൽ കോർപ്പറേഷനും നൽകിയ പരാതികളിൽ വ്യക്തമാക്കുന്നു. പഴയ സർവേ നമ്പർ 240ൽ പെട്ടതും നിലവിൽ സർവേ നമ്പർ 185, ഹിസ്സ നമ്പർ 6 എന്ന് തിരിച്ചറിയുന്നതുമാണ് ഈ വസ്തു.
താൻ ഈ വസ്തു ഇതുവരെ ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് വോറ പറയുന്നു. എന്നാൽ 2011ൽ ഇത് കയ്യേറപ്പെടുകയും പിന്നീട് സ്വയം ബിൽഡേഴ്സിന്റെയും, ബിജെ.പി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുണ്ടെന്ന് വോറ ആരോപിക്കുന്ന സെവൻ ഇലവൻ കൺസ്ട്രക്ഷൻസിന്റെയും നിയന്ത്രണത്തിലുള്ള രണ്ട് ഭാഗങ്ങളായി തിരിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് 2015ൽ ഈ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 2026ന്റെ തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
അതേസമയം, 2025-ൽ തന്റെ ഭാഗം കേൾക്കാൻ അവസരം നൽകാതെ തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും, വസ്തുവിന്റെ തർക്കം നിലനിൽക്കെ മീരഭയന്ദർ മുൻസിപ്പൽ കോർപ്പറേഷന്റെ ടൗൺ പ്ലാനിങ് വകുപ്പും റവന്യൂ അധികാരികളും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നൽകിയെന്നും വോറ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.