ദിഷ സാലിയൻ കേസ്: ആദിത്യ താക്കറെയും റിയ ചക്രവർത്തിയും പ്രതിക്കൂട്ടിൽ; സിബിഐ എഫ്‌ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷാ സാലിയന്റെ മരണത്തിൽ ബോംബെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.

ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, റോഹൻ റോയ്, നടന്മാരായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യയുടെ ബോഡിഗാർഡുകൾ, റിയ ചക്രവർത്തി, ഷോവിക് ചക്രവർത്തി, മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാജെ, മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ്, ഡി.സി.പി വിശാൽ താക്കൂർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരാണ് എഫ്.ഐ.ആറിലുള്ള പ്രമുഖർ. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

ആദിത്യ താക്കറെയുടെ പിതാവായ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മറ്റുള്ളവരും ഗൂഢാലോചനയിലും തുടർന്നുണ്ടായ വിവരങ്ങൾ മൂടിവെക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക രേഖകൾ നശിപ്പിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തതിനും, കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം നേരിടേണ്ടിവരും.

ആത്മഹത്യയാണെന്ന വ്യാജക്കഥ പ്രചരിപ്പിച്ചതിനെക്കുറിച്ചും തെളിവുകൾ നശിപ്പിച്ചതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കും. മല്വാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, കലീന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർ, റീജന്റ് ഗാലക്സി ബിൽഡിംഗിലെ സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

ആറു വർഷമായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത മുംബൈ പൊലീസിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും, കേസ് അപകടമരണമായി മാത്രം ഒതുക്കിയതിലെ പൊരുത്തക്കേടുകൾ സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിൽനിന്നുവീണ് ദിഷ സാലിയൻ മരിച്ചത്. തുടർന്ന് മുംബൈ പൊലീസ് ആകസ്മിക മരണത്തിന് കേസെടുത്തിരുന്നു. ഇതിനു ആറു ദിവസത്തിനുശേഷം ജൂൺ 14നാണ് സുശാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവങ്ങളിൽ വ്യാപകമായ പൊതുരോഷത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ സുശാന്തിന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു. പിന്നീട് സുശാന്ത് ജീവനൊടുക്കിയതാണെന്ന് കാട്ടി സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി അത് പരിഗണിച്ചിട്ടില്ല.

അതിനിടെ, തന്റെ മകളുടെ മരണത്തിന് പിന്നിൽ ആദിത്യ താക്കറെയും ഡിനോ മോറിയയുമാണെന്ന് ദിഷയുടെ പിതാവ് സതീഷ് സാലിയൻ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ താൻ എല്ലാ സത്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും പേരുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം ജയിക്കുമെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതാണെന്ന നിലപാടാണ് മുംബൈ പൊലീസ് ഇതുവരെ സ്വീകരിച്ചിരുന്നത്.

Tags:    
News Summary - CBI FIR Against Aaditya Thackeray In Disha Salian Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.