മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണം; ജനങ്ങളോട് ആഹ്വാനം ചെയ്ത് ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് രാജ്യത്തെ പൗരന്മാർ വീടുകളിൽ ദീപം തെളിയിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി). അന്ന് വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ ‘ആശിർവാദ് കാ ദിയ’ (അനുഗ്രഹത്തിന്റെ ദീപം) തെളിയിച്ച് പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.

ഭരണാധികാരി എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ 25 വർഷത്തെ സേവനയാത്ര സമാനതകളില്ലാത്തതാണെന്ന് നിതിൻ നബീൻ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങളിലൂടെയുള്ള രാജ്യസേവനമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മുഖ്യ മാർഗ്ഗമെന്നും, ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് പുതിയ ദിശ നൽകിയെന്നും ബി.ജെ.പി പറഞ്ഞു.

മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതായി ഒരു വീഡിയോ സന്ദേശത്തിൽ നബീൻ അവകാശപ്പെട്ടു. ‘ആത്മനിർഭർ ഭാരത്’, ‘സ്വച്ഛ് ഭാരത് മിഷൻ’, ‘ലഖ്പതി ദിദി’ തുടങ്ങിയ പദ്ധതികൾ ഇതിന് ഉദാഹരണമാണെന്നും, കൊവിഡ് കാലത്തെ വാക്സിനേഷൻ യജ്ഞം രാജ്യത്തിന്റെ സ്വാശ്രയത്വത്തിലേക്കുള്ള കുതിപ്പിന്റെ തെളിവാണെന്നും നബീൻ പറയുന്നുണ്ട്. ആഭ്യന്തര സുരക്ഷാ രംഗത്ത് നക്സലിസവും ഭീകരവാദവും അമർച്ച ചെയ്യുന്നതിൽ പ്രധാനമന്ത്രി നിർണായക പങ്കുവഹിച്ചതായും, ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തവും കൃത്യവുമായ തിരിച്ചടിയാണ് നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവ സങ്കൽപ്പ് അഭിയാൻ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പൗരന്മാർ ദീപങ്ങൾ തെളിയിച്ച് പ്രധാനമന്ത്രിക്ക് ആശംസകൾ നേരണമെന്ന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags:    
News Summary - Light Diyas on PM Modi's Birthday: BJP Appeals to Citizens for 'Aashirwad Ka Diya' Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.