‘വിജയ്‌യുടെ ലണ്ടൻ യാത്ര വെറും പ്രഹസനം, യഥാർത്ഥ ചിത്രങ്ങൾ പറയുന്നത് മറ്റ് കഥകൾ’; മുഖ്യമന്ത്രിയുടെ യാത്രയെ രൂക്ഷമായി വിമർശിച്ച് എടപ്പാടി കെ. പളനിസ്വാമി
സംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ മുഖ്യമന്ത്രി വിജയ്‌യുടെ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് അണ്ണാഡിഎം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ട്രിച്ചിയിൽ ഒരു അണ്ണാഡിഎം.കെ ഭാരവാഹിയുടെ വിവാഹച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര വെറും പ്രഹസനമാണെന്നും യഥാർത്ഥ ചിത്രങ്ങൾ മറ്റൊരു കഥയാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി യു.കെയിലേക്ക് പോയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വ്യവസായങ്ങൾ കൊണ്ടുവരാനുമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇന്നത്തെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു സത്യമാണ് വിളിച്ചോതുന്നത്. അവ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ. ലണ്ടനിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള വ്യവസായ നിക്ഷേപങ്ങൾക്കായി മുഖ്യമന്ത്രി ചർച്ച നടത്തിയതായോ അതിനുള്ള ഫോട്ടോകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
ടി.വി.കെയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച ഇ.പി.എസ്, അണ്ണാഡിഎം.കെ വിട്ടുപോയവരെ ചോക്ലേറ്റ് കാട്ടി പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്ന കുട്ടികളോട് ഉപമിച്ചു. അണ്ണാഡിഎംകെ പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ വിജയിച്ച രണ്ട് മണ്ഡലങ്ങളാണ് ടിവികെയുടെ കുതിരക്കച്ചവടം കാരണം രാജിവെക്കേണ്ടി വന്നത്. ഇതിനെത്തുടർന്ന് നിലവിൽ ആ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം കാലിൽ നിൽക്കാനറിയാതെ സഖ്യകക്ഷികളുടെ എംഎൽഎമാരുടെ മാത്രം പിന്തുണയിലാണ് നിലവിൽ ടിവികെ സർക്കാർ നിലനിൽക്കുന്നത്. സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചാൽ നിമിഷങ്ങൾക്കകം ഈ സർക്കാർ നിലംപതിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട ടിവികെ സർക്കാർ, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പകരം സോഷ്യൽ മീഡിയ റീലുകളെ മാത്രമാണ് ആശ്രയിക്കുന്നത്. പാർട്ടി രൂപീകരിച്ച് ഇത്രയും കാലമായിട്ടും ജനങ്ങൾക്ക് വേണ്ടി യാതൊരുവിധ കാര്യങ്ങളും ചെയ്യാൻ ഇവർക്കായിട്ടില്ല. യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെയാണ് ടിവികെ അധികാരത്തിൽ എത്തിയിരിക്കുന്നതെന്നും എടപ്പാടി പളനിസ്വാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.