മുംബൈ: മതപരിവർത്തനത്തിനെതിരെ കടുത്ത നിയമം നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മതപരിവർത്തനത്തിനെതിരായ കടുത്ത നിയമത്തിന് ഗവൺമെന്റ് നടപടി സ്വീകരിച്ചതായി മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കി. നന്ദുർബാർ ജില്ലയിൽ അനധികൃതമായി ചർച്ചുകൾ പ്രവർത്തിക്കുന്നതായുള്ള പരാതി അന്വേഷിക്കാൻ ഡിവിഷൻ കമീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിച്ചതായും കമ്മിറ്റി കണ്ടെത്തിയാൽ അനധികൃതമായ ചർച്ചുകൾ നിർമാർജ്ജനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
പട്ടികവർഗ മേഖലയായ ധുലെ, നന്ദുർബാർ മേഖലകളിൽ നിർബന്ധിതമായ ക്രിസ്ത്യൻ മതപരിവർത്തനം നടക്കുന്നതായി ബി.ജെ.പി എം.എൽ.എമാരിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനെതുടർന്നാണ്മതപരിവർത്തനം തടയാൻ കടുത്ത നിയമം തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മതപരിവർത്തനം നടത്തപ്പെട്ട പട്ടികവർഗക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്ന് ആദിവസിക്ഷേമ മന്ത്രി സഞ്ജയ് ഉയ്കെ പറഞ്ഞു. ആദിവസി എന്ന നിലയിൽ ഗവൺമെന്റിൽ നിന്ന് അവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ അവരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നന്ദുർബാർ മേഖലയിൽ ഭിൽ വർഗക്കാരെ മതപരിവർത്തനം നടത്തിയതായും നവപുർ താലൂക്കിൽ അനധികൃതമായ 199 ചർച്ചുകൾ ഉള്ളതായും ആദിവസിക്ഷേമ മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായും അനധികൃതമായി പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളുടെ കെട്ടിടം ഏതെന്നും അല്ലാത്തത് ഏതെന്നും സംബന്ധിച്ച് സുപ്രീം കോടതി ക്ലാസിഫിക്കേഷൻ നിലവിലുണ്ടെന്നും ആദിവസിക്ഷേമ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.