അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ് മുഖിന് ജാമ്യം

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. അഴിമതി, അധികാരം ദുർവിനിയോഗം ചെയ്യൽ എന്നീ കേസുകളിലാണ് ഇദ്ദേഹം ജയിൽ ശിക്ഷയനുഭവിച്ചിരുന്നത്.

ആഭ്യന്തരമന്ത്രിയായ കാലത്ത് അധികാരം ദുർവിനിയോഗം ചെയ്ത അനിൽ ദേശ്മുഖ് വിവിധ ബാറുകളിൽ നിന്നായി 4.70 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. മുംബൈ പൊലീസ് ഓഫിസർ സച്ചിൻ വാസ് വഴിയായിരുന്നു അനിൽ കോടികൾ കൈക്കലാക്കിയത് എന്നായിരുന്നു ആരോപണം. തുടർന്ന് സച്ചിനെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്തിരുന്നു. നവംബർ 18ന് മുംബൈ പ്രത്യേക കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മുകേഷ് അംബാനിയുടെ വീടിനു സമീപം ബോംബ് കണ്ടെത്തിയ കേസുൾ​പ്പെടെ തലയിലുള്ളതിനാൽ സച്ചിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.

ജയിലിലായ സമയത്ത് താൻ അനിൽ ദേശ്മുഖിനെ കണ്ടിരുന്നതായും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് അടുത്തിടെ പറഞ്ഞിരുന്നു.

എൻ.സി.പി നേതാവിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം നടക്കുന്നതിനോട് അനുസൃതമായാണ് ദേശ്മുഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി അന്വേഷണം നടക്കുന്നത്. ഏപ്രില്‍ 5 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ 21ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Maharashtra ex home minister Anil Deshmukh gets bail in corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.