പ്രയാഗ്‌രാജ്: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തു. പ്രപഞ്ചവുമായുള്ള ബന്ധം കണ്ടത്തുന്നതിനും ജീവിതത്തിന്റെ 'അമൃത്' നേടുന്നതിനുമുള്ള മനുഷ്യരാശിയുടെ അന്വേഷണമായാണ് മഹാകുംഭ മേള അനുഭവപ്പെട്ടത് എന്ന് സോമനാഥ് എക്സിൽ കുറിച്ചു. ത്രിവേണീ സംഗമത്തിൽ സന്യാസിമാരോടൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.
കുംഭമേളയിൽ പങ്കെടുത്ത് സ്നാനം നടത്തിയവരുടെ എണ്ണം 55.56 കോടി കവിഞ്ഞതായി യു.പി ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജനുവരി 13 ആരംഭിച്ച മേള ഫെബ്രുവരി 26ന് അവസാനിക്കും.
മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു.കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ്. തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്ക് വെച്ചെന്ന പരാതിയിൽ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ പൊലീസ് കേസെടുത്തു. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങൾ തടയാൻ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപടി ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചതായി സോഷ്യൽ മീഡിയ മോണിറ്ററിങ് ടീം കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 19ന് ഒരു ടെലഗ്രാം ചാനലിലും സമാന രീതിയിൽ വിഡിയോ ദൃശ്യങ്ങൾ വിൽപ്പനക്ക് വെച്ചതായി കണ്ടെത്തി. ടെലഗ്രാം ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. അക്കൗണ്ട് ഓപറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ കുളിക്കുന്ന സ്ത്രീകളുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തെന്ന ആരോപണങ്ങൾ ഉയർന്നത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വിഡിയോകൾ പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് യു.പി പൊലീസ് വ്യക്തമാക്കി. അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ചില ഫേസ്ബുക്ക് പേജുകളും മഹാ കുംഭ ഗംഗാ സ്നാൻ പ്രയാഗ് രാജ് തുടങ്ങിയ അടിക്കുറിപ്പുകളോടെ സ്ത്രീകളുടെ വിഡിയോകൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.