ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി.
മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട്ടിൽ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും ഇവർ പറഞ്ഞിരുന്നു.
ശോഭയുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ വ്യാപക വിമർശനം ഉയർന്നു. ഇതോടെ പ്രസ്താവന പിൻവലിച്ച് ഇവർ മാപ്പുപറഞ്ഞിരുന്നു. ത്യാഗരാജൻ എന്ന വ്യക്തി മധുരൈ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ശോഭക്കെതിരെ കേസെടുക്കുകയായിരുന്നു.
വിദ്വേഷ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻ.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കിൽ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.