പൊലീസിലെ 'ദാസ്യപ്പണി' നിർത്തലാക്കാൻ ഡി.ജി.പിക്കും തമിഴ്നാട് സർക്കാറിനും നിർദേശം നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പൊലീസിലെ 'ഓഡർലി സംവിധാനം' നാലുമാസത്തിനകം നിർത്തലാക്കാൻ തമിഴ്നാട് സർക്കാറിനും ഡി.ജി.പിക്കും നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികൾ ലഭിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഓർഡർലി കേസുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പറഞ്ഞു.

നേരത്തെ, ആഗസ്റ്റ് 12ന് കേസ് പരിഗണിക്കുന്നതിനിടെ ഓർഡർലി സമ്പ്രദായം പിന്തുടരുന്ന പൊലീസ് വകുപ്പിന്‍റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോഴും തമിഴ്‌നാട് പൊലീസ് വകുപ്പിൽ കൊളോണിയൽ ഓർഡർലി സംവിധാനം നിലനിൽക്കുന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു. പരിശീലനം ലഭിച്ച പൊലീസുകാരെ നിസാര ജോലികൾ ചെയ്യുന്ന ഓഡർലീകളായി നിയമിക്കുന്നതിലൂടെ നികുതിദായകരുടെ പണം പാഴാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കാൻ പരിശീലനം ലഭിച്ച പൊലീസുകാരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ദോശയും ചപ്പാത്തിയും പാകം ചെയ്യാൻ നിയോഗിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, പൊലീസ് വകുപ്പിൽ തുടർന്നു വരുന്ന സംവിധാനം നിർത്തലാക്കാൻ നിർദേശം നൽകുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വസതികളിൽ ഓർഡർലിയായി നിയമിക്കപ്പെട്ട എല്ലാ പൊലീസുകാരെയും ജോലിയിൽനിന്ന് പിൻവലിക്കാൻ കർശന നടപടി സ്വീകരിക്കുന്നതിൽ ഡി.ജി.പി പരാജയപ്പെട്ടാൽ മറ്റ് നടപടികൾ സ്വീകരിക്കാൻ കോടതി നിർബന്ധിതമാകുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം മുന്നറിയിപ്പ് നൽകി. ജഡ്ജിമാരെ സേവിക്കാനായും ഓഡർലികളെ നിയമിക്കാറുണ്ടെന്നും ഇതും അനുവദനീയമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

Tags:    
News Summary - Madras HC directs TN govt, DGP to eradicate practice of using policemen as orderlies within 4 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.