ഭോപാൽ: മധ്യപ്രദേശിലെ ധറിൽ സുഗന്ധവ്യഞ്ജന വ്യാപാരിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകത്തിന്റെയും ചതിയുടെയും ഗൂഢാലോചനയുടെയും കഥ. ഏപ്രിൽ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. 28കാരനായ പുരോഹിത് ദേവകൃഷ്ണയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതിന്റെ പാടുകൾ പുരോഹിത് കൃഷ്ണയുടെ ശരീരത്തിലുണ്ടായിരുന്നു. അഞ്ജാത കവർച്ച സംഘം വീട് തകർത്ത് അകത്തുകയറി 35ലക്ഷം രൂപയും വിലിപിടിപ്പുള്ള മറ്റ് വസ്തുക്കളും കവരുന്നത് തടയാൻ ശ്രമിച്ച ഭർത്താവിനെ അവർ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ഭാര്യ പ്രിയങ്ക പുരോഹിതിന്റെ മൊഴി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതോടെ കേസിന്റെ ഗതി മാറുകയായിരുന്നു.
ദേവകൃഷ്ണയുടെ ദാമ്പത്യം വളരെക്കാലമായി പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. 25 കാരിയായ പ്രിയങ്ക പലപ്പോഴും ‘നീ കറുത്ത നിറമുള്ളവനാണ്... നീ എന്നെ അർഹിക്കുന്നില്ല... എനിക്ക് ഇതിനേക്കാൾ നല്ല ഒരാളെ അർഹിക്കുന്നു.’ എന്നു പറഞ്ഞ് അപമാനിച്ചിരുന്നതായി ദേവകൃഷ്ണയുടെ സഹോദരി ജ്യോതി ആരോപിച്ചു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്ഗഡ് സ്വദേശിയായ 32കാരൻ കമലേഷ് പുരോഹിതുമായി പ്രിയങ്ക പ്രണയത്തിലായിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് പ്രിയങ്കയെ നിരന്തരം ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുകൾ അഴിയുകയായിരുന്നു. ഇരുവരും ദേവകൃഷ്ണയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദേവകൃഷ്ണയെ കൊലപ്പെടുത്താൻ സുരേന്ദ്രഭാട്ടി എന്ന വാടകകൊലയാളിയെ കമലേഷ് ഏൽപ്പിച്ചിരുന്നു. ഒരു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് 50,000 രൂപ കൈമാറുകയും ചെയ്തു. കൊലപാതകം നടന്ന രാത്രിയിൽ വീടിന്റെ വാതിൽ പ്രിയങ്ക മനപൂർവം അടച്ചിരുന്നില്ല. തുടർന്ന് സുരേന്ദ്ര അകത്തു കയറി ഉറങ്ങുകയായിരുന്ന ദേവകൃഷ്ണയെ ആക്രമിക്കുകയായിരുന്നു. കുറ്റകൃത്യം കവർച്ചക്കിടെയാണെന്ന് വരുത്തിത്തീർക്കാൻ മുറി കൊള്ളയടിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി വരുത്തിതീർക്കുകയും ചെയ്തു. അക്രമികൾ തന്നെ കെട്ടിയിട്ട് ബന്ദിയാക്കിയതായി പ്രിയങ്ക വരുത്തിതീർത്തു. തുടർന്ന് പ്രതികൾ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
പ്രിയങ്ക ആവർത്തിച്ച് മൊഴി മാറ്റിയതാണ് പൊലീസിന് സംശയം തോന്നാൻ കാരണം. വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ടതായി അവർ പറഞ്ഞ ആഭരണങ്ങൾ കണ്ടെടുത്തു. മൊബൈൽ ഫോൺ ഡാറ്റ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ ശേഖരിച്ചതോടെ കമലേഷുമായുള്ള പ്രിയങ്കയുടെ ബന്ധവും തെളിഞ്ഞു. പിന്നീട് നടത്തിയ തുടർച്ചയായ ചോദ്യം ചെയ്യലിൽ, പ്രിയങ്ക പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന പൊലീസ് പറയുന്നു. പ്രിയങ്കയെയും കമലേഷ് പുരോഹിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വാടക കൊലയാളിയായ സുരേന്ദ്ര ഭാട്ടി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.