ഭോപാൽ: വിടവാങ്ങൽ പ്രസംഗത്തിൽ തനിക്ക് സ്ഥലംമാറ്റം അനുവദിക്കാത്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് മധ്യപ്രദേശ് ഹൈകോടതി ജഡ്ജി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2023 ആഗസ്റ്റിൽ ജസ്റ്റിസ് ദുപ്പല വെങ്കട രമണയെ മധ്യപ്രദേശ് ഹൈകോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി കൊളീജിയം നിർദ്ദേശിച്ചത്.
കോവിഡ് മൂലം ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസുമാർ ഈ അപേക്ഷ പരിഗണിച്ചില്ല. ‘ദൈവം അത്ര എളുപ്പത്തിൽ മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ല’. തന്നെ ഉപദ്രവിക്കാനുള്ള മനപ്പൂർവമായ തീരുമാനമായിരുന്നു അതെന്ന് ജഡ്ജി പറഞ്ഞു. തന്റെ ഭാര്യക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനായി താൻ കർണാടക സംസ്ഥാനം തിരഞ്ഞെടുത്തു. പക്ഷേ അത് ബഹുമാനപ്പെട്ട സുപ്രീംകോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി കൊളീജിയമാണ്.
‘സ്ഥലംമാറ്റങ്ങൾ തന്നെ അസ്വസ്ഥനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിൽ നിന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹം വിരമിച്ചത്. മധ്യപ്രദേശ് ഹൈകോടതിയിലേക്കുള്ള സ്ഥലം മാറ്റം തന്നെ പീഡിപ്പിക്കാനുള്ള ദുരുദ്ദേശ്യത്തോടെ പുറപ്പെടുവിച്ചതാണെന്നും അതിനു പിന്നിൽ ഗൂഢാലോചനാ നടന്നുവെന്നും അതുകൊണ്ടാണ് തന്റെ കുടുംബം നിശബ്ദമായി സഹിച്ചതെന്നും ചൊവ്വാഴ്ച നടന്ന വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവേ വെങ്കട രമണ പറഞ്ഞു.
മധ്യപ്രദേശ് ഹൈകോടതിയിലേക്കുള്ള തന്റെ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും പകരം കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭ്യർഥന നിരസിച്ച സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥിരം ജഡ്ജിയായി നിയമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.