ഇന്ദർസിങ് പാർമർ

‘നാക്കുപിഴച്ചുപോയി, മാപ്പാക്കണം,’ രാജാറാം മോഹൻ റോയിയെ അധിക്ഷേപിച്ചതിന് പിന്നാലെ ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: രാജാറാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദർ സിങ് പാർമർ. അധിക്ഷേപ പരാമർശത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെ പാർമറുടെ മാപ്പപേക്ഷ.

‘ഭഗവാൻ ബിർസ മുണ്ടയെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജാറാം മോഹൻ റോയിയെ ഞാൻ തെറ്റായി വ്യാഖ്യാനിച്ചു. പരാമർശത്തിൽ, അതിയായ ഖേദം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ​ചെയ്യുന്നു. അദ്ദേഹം അറിയപ്പെടുന്ന ഒരു സാമൂഹിക പരിഷ്‍കർത്താവായിരുന്നു. ഞാൻ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്റെ പ്രസ്താവന നാക്കുപിഴയായിരുന്നു,’-പാർമർ വീഡിയോയിൽ പറയുന്നു.

അതേസമയം, മാപ്പുപറയൽ വീഡിയോക്ക് പിന്നാലെയും പാർമറുടെ പരാമർശങ്ങളിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം കനക്കുകയാണ്. ചരിത്രകാരൻമാരും ഗവേഷകരുമടക്കമുള്ളവർ പാർമറുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

അഗർ മാൾവയിൽ നടന്ന ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവെയായിരുന്നു പാർമറുടെ വിവാദ പരാമർശം. ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ‘ബ്രിട്ടീഷ് ഏജന്റ്’ ആയാണ് റോയ് പ്രവർത്തിച്ചതെന്ന് പാർമാർ പറഞ്ഞു. ആ സമയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വലിയ​ തോതിൽ മതപരിവർത്തനം നടന്നിരുന്നു. റോയ് ഉൾപ്പെടെ നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു. മതപരിവർത്തന നീക്കങ്ങൾക്ക് തടയിട്ട് ഗോത്ര സ്വത്വവും സമൂഹവും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.

പിന്നാലെ, പാർമറുടെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ നവോത്ഥാന പാരമ്പര്യങ്ങളെ അടച്ചാക്ഷേപിക്കലാ​ണെന്ന് കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. ചരിത്രത്തെ കുറിച്ച് കേവല ധാരണപോലുമില്ലാതെ പർമാറി​ന്റെ പരാമർശങ്ങൾ ലജ്ജാകരമാണ്. രാജാറാം മോഹൻ റോയ് സതി നിർത്തലാക്കി, അത് എന്തുതരം ബ്രോക്കറേജായിരുന്നു? അന്ന് ബ്രിട്ടീഷുകാരുടെ യഥാർഥ ഒറ്റുകാരായിരുന്നവർ ഇന്ന് ചരിത്രം മറന്ന് ആരോപണം ഉന്നയിക്കുകയാണെന്നും ഗുപ്ത പറഞ്ഞു. 

Tags:    
News Summary - Madhya Pradesh Education Minister Regrets Calling Ram Mohan Roy A British Agent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.