ഭോപ്പാൽ: മധ്യപ്രദേശിൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി മതപരമായി പ്രാധാന്യമുള്ള നഗരങ്ങളിൽ മദ്യം നിരോധിച്ച് സംസഥാന സർക്കാർ. ഏപ്രിൽ 1 മുതൽ 17 വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെ 19 സ്ഥലങ്ങളിൽ 47 സംയോജിത മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡ്ലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, അമർകണ്ടക്, സൽകാൻപൂർ എന്നിവയാണ് മദ്യവിൽപ്പന നിരോധനം നടപ്പാക്കുന്ന നഗരങ്ങളിൽ ചിലത്.
പുതിയ നയത്തിന്റെ ആദ്യഘട്ടത്തിൽ അടുത്ത സാമ്പത്തിക വർഷം മുതൽ മധ്യപ്രദേശിൽ ‘കുറഞ്ഞ ആൽക്കഹോളിക് ബിവറേജ് ബാറുകൾ’ ആരംഭിക്കാനും പദ്ധതിയിട്ടു. ഈ പുതിയ ബാറുകളിൽ പരമാവധി ആൽക്കഹോൾ 10 ശതമാനം മാത്രമുള്ള ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് ലഹരി പാനീയങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. ഇത്തരം ബാറുകളിൽ സ്പിരിറ്റ് ചേർത്തുള്ള പാനീയങ്ങൾ കർശനമായി നിരോധിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിലവിൽ മധ്യപ്രദേശിലുടനീളം 460 മുതൽ 470 വരെ മദ്യ-ബിയർ ബാറുകളുണ്ട്. പുതിയ ഔട്ട്‌ലെറ്റുകൾ വരുന്നതോടെ ബാറുകളുടെ എണ്ണം കൂടുമെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു.
ജനുവരി 23ന് പുതിയ എക്സൈസ് നയം അംഗീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് 19 സ്ഥലങ്ങളിലെ മദ്യവിൽപന നിരോധനം പ്രഖ്യാപിച്ചത്. എക്സൈസ് വരുമാനത്തിൽ സംസ്ഥാന സർക്കാറിന് 450 കോടിയോളം രൂപയുടെ നഷ്ടമാണ് ഈ നീക്കം ഉണ്ടാക്കുക.
മധ്യപ്രദേശിൽ മുഴുവൻ നിരോധന നിയമം പ്രാബല്യത്തിൽ ഇല്ലാത്തതിനാൽ പുറത്തുനിന്ന് മദ്യം കൊണ്ടുവന്ന് വ്യക്തിഗതമായി കുടിക്കുന്നതിന് പിഴ ചുമത്തില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.