ബംഗളൂരു: ഇഴഞ്ഞുനീങ്ങുന്ന വിചാരണക്കൊടുവിൽ ജഡ്ജിയെ മാറ്റുകകൂടി ചെയ്തതോടെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരായ ബംഗളൂരു സ്ഫോടനക്കേസ് സ്തംഭനാവസ്ഥയിലായി. ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയെയാണ് മേയ് 27ന് ദക്ഷിണ കന്നടയിലെ പുത്തൂർ കോടതിയിലേക്ക് സ്ഥലംമാറ്റിയത്. ഒരു മാസമായി ജഡ്ജിയില്ലാതെയാണ് പ്രത്യേകകോടതിയുടെ പ്രവർത്തനം. വിചാരണ വൈകിയതോടെ മഅ്ദനി മുമ്പ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് ഒന്നര വർഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ൽ പ്രത്യേകകോടതി സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഇൗ കാലാവധി കഴിഞ്ഞിട്ടും വിചാരണ അനിശ്ചിതമായി നീളുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
ബംഗളൂരു സെൻട്രൽ ജയിലിലെ കോടതിയിലായിരുന്നു മുമ്പ് കേസിെൻറ വിചാരണ നടന്നിരുന്നത്. പ്രോസിക്യൂട്ടറെ മാറ്റിയതടക്കമുള്ള കാരണങ്ങളാൽ വിചാരണ നിലച്ചതോടെയാണ് മഅ്ദനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വിചാരണ വേഗം പൂർത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. തുടർന്നാണ് ബംഗളൂരു സ്ഫോടനക്കേസിന് മാത്രമായി കർണാടക സർക്കാർ പ്രത്യേകകോടതി ഒരുക്കി കേസ് അങ്ങോട്ടുമാറ്റിയത്. നാലുമാസത്തിനകം കേസ് പൂർത്തിയാക്കുമെന്ന് 2014ൽ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു.
കേസിലെ സാക്ഷികളെ പുനർവിചാരണക്ക് വിളിച്ചതും കേസ് നീട്ടിക്കൊണ്ടുപോകുന്നതിെൻറ ഭാഗമായായിരുന്നു. 500ലേറെ സാക്ഷികളുള്ള ബംഗളൂരു സ്ഫോടനക്കേസിൽ മരിച്ചവരും കണ്ടെത്താൻ കഴിയാത്തവരുമായ 100ഒാളം സാക്ഷികളെ വിചാരണ നടപടിക്രമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി സാക്ഷികളുടെയെല്ലാം വിസ്താരം ഒരു തവണ പൂർത്തിയാക്കി. എന്നാൽ, ചില സാക്ഷികളെ പുനർവിചാരണ ചെയ്യണമെന്ന സർക്കാർ അഭിഭാഷകെൻറ വാദം പ്രത്യേകകോടതി അംഗീകരിച്ചു. ആദ്യഘട്ടത്തിൽ 20ഒാളം പേരുടെ പുനർവിചാരണക്കാണ് കോടതി അനുമതി നൽകിയത്. തുടർന്ന് പുനർവിചാരണയും കേസിെൻറ അവസാനഘട്ടത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കലും നടക്കുന്നതിനിടെയാണ് വിധി പറയുംമുമ്പ് ജഡ്ജിയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കേസ് നീട്ടിക്കൊണ്ടുപോകുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർക്കും പ്രത്യേക താൽപര്യമുണ്ടെന്നാണ് പ്രതിഭാഗത്തിെൻറ ആരോപണം. കാൽ ലക്ഷത്തിലധികം രൂപയാണ് ഒരു ദിവസം കേസിന് ഹാജരായാൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് കിട്ടുന്നത്. കർണാടക സർക്കാറാകെട്ട മഅ്ദനിയുടെ കാര്യത്തിൽ കടുത്ത അവഗണന തുടരുകയാണ്. കേരളം ഭരിക്കുന്ന എൽ.ഡി.എഫിെൻറ ഘടകകക്ഷിയായ ജനതാദൾ-എസിെൻറ അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിട്ടും മഅ്ദനിയോടുള്ള നീതിനിഷേധത്തിൽ മാറ്റമൊന്നുമില്ലെന്നതാണ് വസ്തുത.
എനിക്കായി പ്രാർഥിക്കൂ... വേദനയോടെ മഅ്ദനിയുടെ പോസ്റ്റ്
ബംഗളൂരു: ഇഴഞ്ഞുനീങ്ങുന്ന വിചാരണക്കിടെ ജഡ്ജിയെ മാറ്റുകകൂടി ചെയ്തതോടെ ഇനി തെൻറ പ്രതീക്ഷ പ്രിയ സഹോദരങ്ങളുടെ പ്രാർഥനയിലാണെന്ന് അബ്ദുന്നാസിർ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറെ നാളായി ശാരീരിക വിഷമതകൾ അനുഭവിക്കുന്ന മഅ്ദനി താൻ അനുഭവിക്കുന്ന പ്രയാസങ്ങൾ എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘‘പ്രാർഥിക്കുക എപ്പോഴും... ശാരീരികമായി നിരവധി ബുദ്ധിമുട്ടുകളുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി കാരണം രാത്രിയായാൽ കൈകാലുകൾക്ക് ശക്തമായ വേദനയും കഠിനമായ തണുപ്പും അനുഭവപ്പെടുന്ന സ്ഥിതിയാണ്. കണ്ണിെൻറ അസ്വസ്ഥതയും മൂർച്ഛിക്കുന്നു.
കേസിെൻറ വിചാരണ ഇഴഞ്ഞെങ്കിലും നീങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് ജഡ്ജിയെ സ്ഥലംമാറ്റിയത്. തൽസ്ഥാനത്ത് വേറെയാളെ നിയമിച്ചിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നവെൻറ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാർഥനയാണ്...’’ എെൻറ പ്രിയ സഹോദരങ്ങൾ ആത്മാർഥമായി പ്രാർഥിക്കണമെന്ന് അഭ്യർഥിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.