എം.എ. ബേബി
ചെന്നൈ: വ്യവസ്ഥാപിത ജനാധിപത്യ മാർഗങ്ങളെ തമിഴ്നാട് ഗവർണർ ആർ.വി. ആർലേക്കർ അവഗണിച്ചതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാൻ വൈകിയതുകൊണ്ടാണ് രാഷ്ട്രീയ അനിശ്ചിതത്വവും കുതിരക്കച്ചവട ചർച്ചകളും ഉണ്ടായതെന്നും ബേബി മധുരയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
‘‘സി.പി.എം കുതിരക്കച്ചവടത്തിന് എതിരാണ്. ഇതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ഗവർണറാണ്. ഭരണഘടനാ വകുപ്പുകളും സുപ്രീംകോടതി വിധികളും പരാമർശിച്ച്, ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെയോ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്നതാണ് കീഴ്വഴക്കം.’’-ബേബി പറഞ്ഞു. ’90കളിൽ ഭൂരിപക്ഷമില്ലാതെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 13 ദിവസം ബി.ജെ.പി സർക്കാറിനെ നയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പാർട്ടിയുടെയോ സഖ്യത്തിന്റെയോ അംഗബലം സഭാതലത്തിലാണ് പരിശോധിക്കപ്പെടേണ്ടത്. എസ്.ആർ. ബൊമ്മൈ കേസിൽ, ഭൂരിപക്ഷ പിന്തുണ നിയമസഭയിൽ തന്നെയാണ് നിർണയിക്കേണ്ടതെന്നും രാജ്ഭവനിൽ അല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ അണ്ണാ ഡി.എം.കെ സർക്കാറിനെ പിൻവാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.